കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കാര്‍ യാത്രക്കാരിയായ യുവതിയെ മര്‍ദ്ദിച്ച നടക്കാവ് എസ്.ഐക്ക് സസ്പെൻഷൻ. എസ്.ഐ വിനോദ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
കോഴിക്കോട് റൂറൽ എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നന്മണ്ട-കൊളത്തൂർ പാതയിൽ ശനിയാഴ്ച അർധരാത്രി 12.30ഓടെയാണ് കേസിനാസ്പദമായ സംഭവം.
പരാതിക്കാരിയായ യുവതി സഞ്ചരിച്ച കാറും എതിർദിശയിൽ വന്ന വാഹനത്തിലുള്ളവരും സൈഡ് നൽകാത്തതിനെച്ചൊല്ലി തർക്കമുണ്ടാവുകയായിരുന്നു. ഈ തർക്കത്തെ തുടർന്ന് എതിർദിശയിൽ വന്ന കാറിൽ ഉളളവർ പൊലീസിനെ വിളിച്ചു.
തുടർന്ന് ബൈക്കിലെത്തിയ എസ്.ഐ വിനോദും മറ്റൊരാളും ചേർന്ന് യുവതിയെയും ഭർത്താവിനെയും കുട്ടിയെയും കാറിൽനിന്ന് പിടിച്ചിറക്കി മർദിച്ചെന്നാണ് പരാതി. എസ്.ഐ അടിവയറ്റിൽ ചവിട്ടുകയും മാറിടത്തിൽ കയറിപ്പിടിക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു.