തിരുവനന്തപുരം: ഇൻസ്റ്റഗ്രാം റീൽസ് താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. സ്വർണാഭരണങ്ങൾ കൈക്കലാക്കിയശേഷം യുവതിയെ വിളിച്ചുവരുത്തി ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് കേസ്.

കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയായ വിനീതി(26)നെയാണ് യുവതിയുടെ പരാതിയിൽ കിളിമാനൂർ പോലീസ് പിടികൂടിയത്. നേരത്തെ പീഡനക്കേസിലും കവർച്ചാക്കേസിലും പോലീസിന്റെ പിടിയിലായി കുപ്രസിദ്ധി നേടിയ ആളാണ് മീശ വിനീത്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം 3 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽ നിന്നും പണയം വയ്ക്കുന്നതിനായി 6 പവൻ സ്വർണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു.

നിശ്ചിതദിവസത്തിനുള്ളിൽ തിരികെ നൽകാമെന്ന് പറഞ്ഞാണ് ആഭരണങ്ങൾ വാങ്ങിയത്. തുടർന്ന് യുവതി ആഭരണങ്ങൾ തിരികെ ചോദിച്ചപ്പോൾ ഇത് തിരികെ നൽകാമെന്ന് പറഞ്ഞ് പ്രതി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തിരുവനന്തപുരത്തുനിന്നും ബസിൽ കിളിമാനൂരിൽ എത്തിയ യുവതിയെ ഇയാൾ ബൈക്കിൽ കയറ്റിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. തുടർന്ന് ഇവിടെവെച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.

മാസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകളും യുവതിയെ പീഡിപ്പിച്ച കേസുമുണ്ട്‌.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed