കൊച്ചി : ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനമായി കേരളം. മഹാരാഷ്ട്ര, രാജസ്ഥാന്, ഗോവ എന്നി സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ആദ്യമെത്തിയത്.
താമസസൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റാബേസ് ഫോര്‍ അക്കോമഡേഷന്‍ യൂണിറ്റ് കണക്കുകള്‍ അനുസരിച്ചാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ കാര്യത്തില്‍ കേരളം ഒന്നാമതെത്തിയത്.46 ഫൈവ് സ്റ്റാർ ഹോട്ടലുകളുമായാണ് കേരളം മഹാരാഷ്ട്രയെ പിന്തള്ളിയത് . മുംബൈ, പുണെ എന്നീ വൻ നഗരങ്ങളുണ്ടായിട്ടും മഹാരാഷ്ട്രയിൽ 40 ഫൈവ് സ്റ്റാർ ഹോട്ടലുകളാണുള്ളത്. ഡൽഹിയിൽ 30. ഗോവയിൽ 28. രാജ്യത്താകെ 352 പഞ്ചനക്ഷത്ര ഹോട്ടലുകൾ.
ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് അറിയിച്ചു. സ്വകാര്യ മേഖലയും കേരള ടൂറിസത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇക്കാരണത്താല്‍ കേരളത്തിലേക്കുള്ള ദേശീയ, രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും പി ബി നൂഹ് പറയുന്നു.