കള്ളനെ പേടിച്ച് ഭാര്യ സ്വർണ്ണം ഒളിപ്പിച്ച ഷൂസ് ഭർത്താവെടുത്ത് ഹരിതകർമ്മ സേനക്ക് കൊടുത്തു. ഭാര്യ വീട്ടിലെത്തിയപ്പോൾ ഷൂ കാണാനില്ല. പാലക്കാട് പട്ടാമ്പിയിലാണ് രസകരമായ സംഭവം നടന്നത്. പട്ടാമ്പി നഗരത്തിലെ ഹാർമണി സ്ട്രീറ്റിൽ താമസിക്കുന്ന അധ്യാപക ദമ്പതികളായ ജോണിൻ്റെയും ബീനയുടെയും വീട്ടിൽ ഇക്കഴിഞ്ഞ 11ന് ആണ് രസകരമായ സംഭവം ഉണ്ടായത്.
രണ്ടാളും രാവിലെ ജോലിക്ക് പോകുന്നതിനാൽ വീട്ടിലെ സ്വർണം സുരക്ഷിതമാക്കാനാണ് ഭർത്താവിൻ്റെ പഴയ ഷൂസിൻ്റെ ഉള്ളിൽ സ്വർണം ഭദ്രമാക്കിയത്. ഇതറിയാത്ത ഭർത്താവ് വീട്ടിലെത്തിയ ഹരിത കർമ്മ സേനയ്ക്ക് പഴയ ഷൂസ് നൽകി. ഷൂസും സ്വർണവുമായി ഹരിത കർമ്മ സേന പോയി. ജോലി കഴിഞ്ഞ് ഭാര്യ വീട്ടിലെത്തിയപ്പോഴാണ് ഷൂസ് കാണാത്തത്. തുടർന്ന് ജോണിനോട് കാര്യം പറഞ്ഞു.
കിട്ടിയ സ്വർണം ഹരിത കർമ്മ സേന അംഗങ്ങളുടെയും വാർഡ് മെമ്പർ സുബ്രഹ്മണ്യൻ്റെ ജീവനക്കാരുടെയും സാന്നിധ്യത്തിൽ നഗരസഭ ചെയർപേഴ്സൺ ടി പി ഷാജി ജോണിന് കൈമാറി. പണവും ഡയമണ്ടും അടക്കമുള്ളവ ഇത്തരത്തിൽ പല വീടുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്, അത് തിരിച്ചേൽപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണം കണ്ടെത്തി തിരിച്ചേൽപ്പിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷത്തിലാണ് ഹരതകർമ്മ സേന അംഗങ്ങൾ.


