തിരുവനന്തപുരം∙ അര്‍ജന്റീന ടീമിനെയും ലയണല്‍ മെസിയെയും കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ തട്ടിപ്പു നടത്തിയെന്ന വിവാദത്തില്‍ മുന്‍ കായികമന്ത്രി വി.അബ്ദു റഹിമാനെതിരെ കേസെടുത്തുള്ള വിജിലന്‍സ് അന്വേഷണത്തിനു കളമൊരുങ്ങുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ കത്തില്‍ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ നാളെ തീരുമാനമെടുക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തിനു പുറത്തു സന്ദര്‍ശനം നടത്തുന്ന ഗവര്‍ണര്‍ ഇന്നു രാത്രി തിരിച്ചു രാജ്ഭവനിലെത്തും. നാളെ ഫയല്‍ അദ്ദേഹത്തിന്റ പരിഗണയ്ക്കു വരും. ഗവര്‍ണര്‍ അനുമതി നല്‍കുന്നതോടെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിക്കും. രാജേന്ദ്ര അര്‍ലേക്കര്‍ ഗവര്‍ണര്‍ ആയിരുന്നപ്പോഴാണ് സര്‍ക്കാര്‍ അനുമതി തേടിയത്. ഗവര്‍ണര്‍ മാറിയതോടെയാണ് വിഷയത്തില്‍ തീരുമാനമാകാന്‍ വൈകിയത്.
എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശന് ഒക്ടോബര്‍ 16ന് കൈമാറിയ കത്തു പരിഗണിച്ചാണ് ഗവര്‍ണറുടെ നടപടി. സ്പോണ്‍സര്‍ഷിപ് തട്ടിപ്പില്‍ എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഡിജിപിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറിയിരുന്നു. മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന് അടക്കം 5 പേര്‍ക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.
മുന്‍ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ അഴിമതി അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പിന് നേരിട്ട് ഉത്തരവിടാനാകുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍നിന്ന് സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രിയായിരിക്കെ നടത്തിയ ക്രമക്കേടുകളിലെ അന്വേഷണമായതിനാല്‍ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടണമെന്ന് നിയമവകുപ്പില്‍നിന്നു മറ്റൊരു അഭിപ്രായമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്.


