എറണാകുളം തൃക്കാക്കര പൈപ്പ്ലൈൻ റോഡിലൂടെ ഒരൊറ്റ സ്കൂട്ടറിൽ അഞ്ച് വിദ്യാർഥികൾ നടത്തിയ അപകടകരമായ യാത്രയ്ക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കാക്കനാട്ടെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ് സ്കൂട്ടറിൽ അഞ്ചുപേരുമായി നിരത്തിലിറങ്ങിയത്.
അഞ്ചുപേരിൽ ഏറ്റവും മുന്നിലും പിന്നിലും ഇരുന്നവർ മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നത്. നടുവിലിരുന്ന മൂന്ന് പേർക്ക് ഹെൽമറ്റ് ഉണ്ടായിരുന്നില്ല. സ്കൂട്ടറിൽ ഇരിക്കാൻ മതിയായ സ്ഥലമില്ലാത്തതിനാൽ കാലുകൾ ഇരുവശങ്ങളിലേക്കും തൂക്കിയിട്ടായിരുന്നു യാത്ര. പിന്നാലെ കാറിൽ സഞ്ചരിച്ച യാത്രക്കാരാണ് അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്.
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയിലേക്ക് കടന്നത്. വാഹനം ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് റദ്ദാക്കുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകി. അഞ്ചുപേർ ഒരുമിച്ച് യാത്ര ചെയ്തതിന് പിഴ 1,000 രൂപയാണ്. ഹെൽമെറ്റ് ധരിക്കാത്തതിന് (മൂന്നുപേർക്ക് 500 രൂപ വീതം) 1,500 രൂപ വേറെയും. അങ്ങനെ ആകെ പിഴ 2,500 രൂപ
അഞ്ച് വിദ്യാർഥികളോടും ആർ.ടി.ഒ ഓഫീസിൽ നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തിയ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
റോഡുകളിലെ ഇത്തരം നിയമലംഘനങ്ങൾ വിദ്യാർഥികളുടെയും മറ്റ് യാത്രക്കാരുടെയും ജീവന് ഒരുപോലെ ഭീഷണിയാകുന്ന സാഹചര്യത്തിൽ കർശന നടപടികളിലൂടെ ബോധവൽക്കരണം ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം.


