കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം നിലമ്പൂരിൽ ഹോട്ടൽ ഭക്ഷണം കഴിച്ച മൂന്ന് പേർക്കും കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർഥികൾക്കുമാണ് രോഗം ബാധിച്ചത്. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് ഏറ്റവുമൊടുവിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചത്. അമരമ്പലത്തെ കടയിൽ നിന്ന് അൽഫാം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്ന് മന്തി കഴിച്ച രണ്ട് പേർക്കുമാണ് രോഗം പിടിപെട്ടത്. നാല് വയസുകാരിയുടെ അമ്മയും ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ഭാഗത്ത് 23 പേർക്ക് വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന രണ്ട് കടകളിൽ പഞ്ചായത്തിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾ അടപ്പിക്കുകയും വൃത്തിഹീനമായ മറ്റ് കടകൾക്ക് നോട്ടിസ് നൽകുകയും ചെയ്തു. പ്രദേശത്തെ വീടുകളിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ അടക്കമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കോഴിക്കോട് വടകരയിലാണ് സ്കൂൾ കുട്ടികൾക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ചത്. ഒക്ടോബർ 30ന് സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വടകര ജില്ലാ ആശുപത്രിയിലാണ് കുട്ടികൾ ചികിത്സ തേടിയത്. നിരവധി വിദ്യാർഥികൾ വയറിളക്കവും ഛർദിയും പിന്നാലെ പനിയും ബാധിച്ച് ചികിത്സ തേടിയിരുന്നു. സാമ്പിൾ ശേഖരിച്ച മൂന്ന് വിദ്യാർഥികൾക്കാണ് ഷിഗല്ല പോസിറ്റീവായത്. ഒരു കുട്ടിക്ക് നേരത്തെ തന്നെ രോഗം ഭേദമായിട്ടുണ്ട്. രണ്ട് കുട്ടികളുടെ പരിശോധനാഫലം സ്വകാര്യ ലാബിൽ പരിശോധിച്ചാണ് പോസിറ്റീവ് ആണെന്ന് അറിയാൻ കഴിഞ്ഞത്. ഭക്ഷണത്തിൻ്റെയും അന്ന് ഉപയോഗിച്ച വെള്ളത്തിൻ്റെയും സാമ്പിൾ ശേഖരിച്ച് ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സ്കൂളുമായി ബന്ധപ്പെട്ട് ചില പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ സന്ദർശിക്കുകയും അതിനോട് ചേർന്നിട്ടുള്ള പ്രദേശങ്ങളിലെ 290 വീടുകളിൽ ക്ലോറിനേഷൻ അടക്കമുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. 360 വീടുകളിൽ ഒആർഎസ് പൊടി വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില അത്ര ഗുരുതരമല്ലെന്നും എങ്കിലും ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൽ.ടി. സരിതകുമാരി ഇടിവി ഭാരതിനോട് പറഞ്ഞു.


