കണ്ണൂര്‍: മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കാട്ടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. ആദ്യ അന്വേഷണ സംഘം നല്‍കിയ കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ പ്രതിഷേധക്കാര്‍ ചെയ്തിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്..

എസ്‌ഐടി തലവന്‍ യു പ്രേമന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അന്തമി റിപ്പോര്‍ട്ടിലാണ് സുപ്രധാന വിവരങ്ങളുള്ളത്. വീണാ ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധത്തില്‍ റെയില്‍വേ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ല. കലാപ ശ്രമം, തടഞ്ഞുവെക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, റെയില്‍വേ പരസിരത്ത് അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ആദ്യ അന്വേഷണ സംഘം കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത്. എഫ്‌ഐആറില്‍ ചുമത്തിയിരുന്ന വധശ്രമം കുറ്റപത്രത്തില്‍ ഒഴിവാക്കിയിരുന്നു.

ഈ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളൊന്നും പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് എസ്‌ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. വീണാ ജോര്‍ജിനൊപ്പമുള്ള പൊലീസിന്റെ ചുമതല പ്രതിഷേധക്കാരെ തടയുകയെന്നതായിരുന്നു. ആ ഔദ്യോഗിക കൃത്യനിര്‍വഹണം പ്രതിഷേധക്കാര്‍ തടഞ്ഞിട്ടില്ല. കരിങ്കൊടി വീശിയ പ്രതിഷേധക്കാരെ പൊലീസ് തടയുകയായിരുന്നു. മന്ത്രിയെ തടഞ്ഞു വെക്കുന്ന സാഹചര്യവും ഉണ്ടായിട്ടില്ല. പ്ലാറ്റ് ഫോം ടിക്കറ്റെടുത്താണ് പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. അതിനാല്‍, റെയില്‍വേ പരിസരത്ത് അതിക്രമിച്ച് കടന്നുവെന്ന കുറ്റം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്ന കോടതി നിരീക്ഷണങ്ങളുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ കോടതി തുടര്‍നടപടി സ്വീകരിക്കും. തെറ്റായ മൊഴി നല്‍കിയ വീണാ ജോര്‍ജിന്റെ മുന്‍ ഗണ്‍മാന്‍ അഭിലാഷ്, പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ട് എസ്‌ഐടി നേരത്തെ ഡിജിപിക്ക് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed