ചങ്ങനാശേരി∙ ഒരു വീട്ടിലെ മൂന്നുപേർ ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യതയെ തുടർന്നെന്ന് വിവരം. ചങ്ങനാശേരി കരിങ്ങട വീട്ടിൽ സജു ആന്റണി (64), ഭാര്യ അനു സാജു (59), മകൻ സവിൻ (34) എന്നിവരാണ് മരിച്ചത്. സജുവും ഭാര്യ അനുവും കിടപ്പുമുറിയിൽ തുങ്ങി മരിച്ച നിലയിലായിരുന്നു. മുറിയിൽ നിന്നു ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സവിനെ അടുക്കളയുടെ സമീപത്തെ വർക്ക് ഏരിയയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മാതാപിതാക്കളാണ് ആത്മഹത്യക്കുറിപ്പ് എഴുതിയിട്ടുള്ളത്. മൂന്നു ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടെന്നും ഇത് കൊടുത്തുതീർക്കണമെന്നും ബന്ധുവിനെ ചുമതലപ്പെടുത്തുന്നതാണ് കത്ത്. മാതാപിതാക്കളാണ് ആദ്യം ജീവനൊടുക്കിയതെന്നും ഇവർ മരിച്ചുകിടക്കുന്നതുകണ്ട് സവിനും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
രണ്ട് വർഷം മുൻപാണ് സവിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യയ്ക്കു വിദേശത്ത് ജോലിയാണ്. കോന്നിയിൽ ഹോൾസെയിൽ വ്യാപാരം നടത്തി വരുകയായിരുന്നു സജു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണത്തെക്കുറിച്ച് വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു. സവിൻ ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നതായി ബന്ധുക്കളുടെ മൊഴി ലഭിച്ചിട്ടുണ്ടെന്നും നിലവിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)


