നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക്. വിദ്യാരംഭത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന് പുറത്താണെങ്കിലും മലയാളികള്‍ വിദ്യാരംഭത്തിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രമാണ്. മൂകാംബികയില്‍ പുലര്‍ച്ചെ 3 മണിക്ക് നടതുറക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയുടെ കാര്‍മികത്വത്തില്‍ സരസ്വതി മണ്ഡപത്തിലും മണ്ഡപ വരാന്തയിലുമായി കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.

ചോറ്റാനിക്കരയില്‍ തന്ത്രി എരൂര്‍ പുലിയന്നൂര്‍ ദിലീപന് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പന്തീരടി പൂജയും മേല്‍ശാന്തിമാരായ എന്‍ വി കൃഷ്ണന് നമ്പൂതിരിയുടെയും സി എല്‍ സതീഷ് നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ സരസ്വതി മണ്ഡപത്തിലെ സരസ്വതി പൂജയും കഴിഞ്ഞാണ് എഴുത്തിനിരുത്ത് ആരംഭിക്കുക. ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്കല്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ 16 വൈദിക ബ്രാഹ്മണര്‍ നേതൃത്വം നല്‍കും. കുരുന്നുകള്‍ക്ക് പൂജിച്ച സാരസ്വതാരിഷ്ടം, പഞ്ചാമൃതം, പഴം തുടങ്ങിയവ നല്‍കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.


