തിരുവനന്തപുരം ∙ സംസ്ഥാനത്ത് സ്പാകൾ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിർവചിക്കാത്തത് കുറ്റവാളികൾക്ക് പഴുതാകുന്നു. ഈ അവ്യക്തത മുതലെടുത്താണ് ആവശ്യമായ രേഖകളില്ലാതെ സ്പാകൾ ആരംഭിക്കുന്നത്. സാധാരണ വാണിജ്യസ്ഥാപനത്തിനുള്ള ലൈസൻസ് നടപടിക്രമങ്ങൾ മാത്രമാണ് സ്പായ്ക്കും ആവശ്യമുള്ളത്. സ്പാ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തി ലൈസൻസ് നൽകുമെന്നു മാത്രം. ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കാൻ ആയുർവേദ ഡോക്ടർ, അംഗീകൃത സ്ഥാപനത്തിൽനിന്നു പഠനം പൂർത്തിയാക്കിയ തെറപ്പിസ്റ്റ്, ഹെൽത്ത് കാർഡുള്ള ജീവനക്കാർ എന്നിവർ വേണമെന്നു നിഷ്കർഷിക്കുന്നുണ്ടെങ്കിലും പലരും പാലിക്കാറില്ല. തദ്ദേശസ്ഥാപന സെക്രട്ടറിക്കുവേണ്ടി സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ നേരിട്ടു പരിശോധിച്ചാണ് ലൈസൻസ് നൽകേണ്ടത്. എന്നാൽ, കെ സ്മാർട്ട് വഴി ലഭിക്കുന്ന അപേക്ഷകൾ ഉടനടി പരിശോധിച്ച് അനുമതി നൽകണമെന്നും കാലതാമസം വരുത്തരുതെന്നും നിർദേശമുള്ളതിനാൽ ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ ലൈസൻസ് നൽകുകയാണ് രീതി.

ലൈസൻസിന് മറുവഴി

സ്പാ ലൈസൻസിനുള്ള അപേക്ഷ, രേഖയില്ലെന്ന കാരണത്താൽ തദ്ദേശസ്ഥാപനം നിരസിച്ചാൽ പകരം കെ സ്വിഫ്റ്റ് വഴി ചെറുകിട സംരംഭക ലൈസൻസ് തരപ്പെടുത്തും. ഇത്തരം ലൈസൻസ് ഉപയോഗിച്ച് 3 വർഷംവരെ സ്ഥാപനം നടത്താം. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ഈ കാലയളവിൽ സ്പായിൽ പരിശോധന നടത്താൻ തദ്ദേശസ്ഥാപനത്തിനും പരിമിതികളുണ്ട്. കെട്ടിടത്തിന്റെ പേരിൽ ലഭിക്കുന്ന ഈ ലൈസൻസ് ഉപയോഗിച്ച് സ്പാ ആരംഭിക്കുമ്പോൾ സ്ഥാപനം കെട്ടിടഉടമയുടെ പേരിലായാണ് കണക്കാക്കുക. ഇതുമൂലം സ്പാ ആരംഭിക്കുന്നവർക്ക് നിയമപ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടാനും കഴിയും.

ഏതോ തൊഴിലാളികൾ

സാധാരണ സ്പാകളായി പ്രവർത്തിക്കുന്ന വെൽനെസ് സെന്ററുകളിൽ ജോലിചെയ്യുന്നവരുടെ വിവരങ്ങളോ തൊഴിൽപരിചയമോ തദ്ദേശസ്ഥാപനങ്ങൾക്ക് അറിയാൻ സാധിക്കാറില്ലെന്ന് അധികൃതർ പറയുന്നു. പൊലീസ് ക്ലിയറൻസും പരിശോധനയും പേരിനു മാത്രമായതിനാലാണ് രേഖയില്ലാതെ ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള സ്ത്രീകൾ സ്പാകളിൽ ജോലിക്കെത്തുന്നത്.

ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിലെ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കുന്നതും നിയമനിർമാണം നടത്തുന്നതും സർക്കാർ ഗൗരവമായി ആലോചിക്കുന്നു. ‘ഓപ്പറേഷൻ സ്പാ’യിൽ ചട്ടങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയ 44 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതും പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതുമായ സ്പാകൾ ഉടൻ പൂട്ടണം. ഇല്ലെങ്കിൽ ശക്തമായ നിയമനടപടികളുണ്ടാകും.

— മന്ത്രി രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *