കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകട കേസിൽ അറസ്റ്റിലായ സുഹൈലിന്‍റെ പേര് എഫ്ഐആറിൽ ഇല്ല. കെ എൽ 07 സിആർ 1001 എന്ന കാറിന്‍റെ ഡ്രൈവര്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിലാസവും അണ്‍നോൺ എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും എഫ്ഐആറിൽ പറയുന്നില്ല. ഞായറാഴ്ച രാവിലെ 6.59നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുലർച്ചെ 1.45ഓടെയായിരുന്നു അപകടം. എന്നിട്ടും പ്രതിയുടെ പേര് എഫ്ഐആറിൽ വന്നിട്ടില്ല. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് അമിതവേഗതയിൽ വരികയായിരുന്ന കെഎൽ 07 സിആർ 1001 നമ്പർ കാർ, അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കെഎ 21 ഇഎ 1054 നമ്പർ സ്കൂട്ടറിന്‍റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന മൂന്ന് പേരും റോഡിലേക്ക് തെറിച്ചുവീഴുകയും തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടർ യാത്രികരായ ഇയാസ്, ദേവിക എന്നിവരെ ദേശം സിഎ ആശുപത്രിയിലേക്കും, ഗോപികയെ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കും എത്തിച്ചപ്പോഴേക്കും മൂവരുടെയും മരണം സംഭവിച്ചിരുന്നു എന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം, നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതി സുഹൈൽ സജീവിനെ രക്ഷിക്കാൻ അട്ടിമറി നടക്കുന്നതായി സംശയമുണ്ടെന്ന് അപകടത്തിൽ മരിച്ച ഗോപിയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്. മകനുവേണ്ടി കോടീശ്വരനായ വ്യവസായിയുടെ കുടുംബം സ്വാധീനം ഉപയോഗിക്കുന്നതായാണ് സംശയം. പ്രതിയെ ജുവനൈൽ ഹോമിലേക്ക് വിടാൻ പാടില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

