കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ പിണറായി വിജയന്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലുകളില്‍ ന്യൂനത. അപ്പീലുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബഞ്ച് തിരുത്തി സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

പിണറായി വിജയന്‍ അടക്കമുള്ളവര്‍ നല്‍കിയ അപ്പീല്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കുറ്റാരോപിതരെ കേള്‍ക്കേണ്ടതുണ്ടോയെന്ന് ചേദിച്ച കോടതി കൃത്യമായ വിവരം ലഭിച്ചാല്‍ അതില്‍ എഫ്‌ഐആര്‍ ഇടുകയല്ലേ വേണ്ടതെന്നും അഭിപ്രായപ്പെട്ടു. ആര് വിവരം നല്‍കി എന്നതിലല്ല, കുറ്റം കൃത്യം രജിസ്റ്റര്‍ ചെയ്യാനുള്ള കേസാണോയെന്നാണ് നോക്കേണ്ടതെന്നും കോടതി പറഞ്ഞു. അപ്പീല്‍ പരിഗണിക്കുന്നത് നാലുമണിയിലേക്ക് മാറ്റി.

ഒക്ടോബര്‍ 9ലെ സിംഗിള്‍ ബെഞ്ച് വിധി പൂര്‍ണമായും റദ്ദാക്കുക, എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവും തുടര്‍നടപടികളും അപ്പീലില്‍ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ സ്റ്റേ ചെയ്യുക തുടങ്ങിയവയാണ് പിണറായി അടക്കമുള്ളവര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍. ആകെ 4 സെറ്റ് അപ്പീലുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്
കേസില്‍ തനിക്ക് വാദം ഉന്നയിക്കാന്‍ അവസരം നല്‍കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചതെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും പിണറായി അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പരിശോധിച്ച് തള്ളിക്കളഞ്ഞതാണെന്നും അപ്പീലില്‍ പറയുന്നു. പിണറായി വിജയന് വേണ്ടി മുന്‍ അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പാണ് ഹാജരായത്.

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ രണ്ട് എഫ്ഐആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന പ്രകാരം ആദ്യ കേസും ഹവാല കള്ളപ്പണ ഇടപാടില്‍ രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു. വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് -1 ആണ് രണ്ട് എഫ്ഐറുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യ കേസില്‍ പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ടു കേസുകളിലും പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ ടി വീണ പ്രതിയാണ്.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വീണയുടെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് പ്രതിയായിട്ടുള്ളത്. കേസില്‍ ഒന്നാം പ്രതിയാണ് മുഹമ്മദ് റിയാസ്. ആദ്യ കേസില്‍ ഏഴു പ്രതികളും, രണ്ടാമത്തെ കേസില്‍ 8 പ്രതികളുമാണുള്ളത്. ഇ.ഡിയുടെ റിപ്പോര്‍ട്ടിന്മേല്‍ വിജിലന്‍സ് കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസെടുത്തത്. സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകള്‍ നടന്നെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസിന് ഇ ഡി വിവരങ്ങള്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *