തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തിങ്കളാഴ്ച ദില്ലിയിലെത്തി എഐസിസി നേതൃത്വത്തിന് പരാതി നൽകും. കേരളത്തിൽ കൂടിയാലോചനകളില്ലെന്ന് വിമർശനമുന്നയിച്ച അടൂർ പ്രകാശ് ഇക്കാര്യങ്ങളിലെല്ലാം രേഖാമൂലം എഐസിസിക്ക് പരാതി നൽകും. അതിനിടെ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഹൈക്കമാൻഡിനെ സ്ഥിതി​ഗതികൾ അറിയിക്കും. പിസിസി അധ്യക്ഷന്മാരുടെ യോ​ഗത്തിൽ പങ്കെടുക്കാനായാണ് സണ്ണി ജോസഫ് ദില്ലിയിലെത്തുന്നത്. ഇതിനിടെയാണ് അടൂർ പ്രകാശിന്റെ വിമർശനം അടക്കമുള്ള കാര്യങ്ങൾ അറിയിക്കാനായി എഐസിസി നേതൃത്വത്തെ പ്രത്യേകം കാണുന്നത്

സർക്കാരിന്റെ പല തീരുമാനങ്ങളും മുന്നണിയിൽ കൂടിയാലോചിക്കുന്നില്ലെന്നും യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രി തന്നെ തീരുമാനങ്ങളൊന്നും അറിയിക്കുന്നില്ലെന്നുമായിരുന്നു യുഡിഎഫ് കൺവീനറായ അടൂർ പ്രകാശിന്റെ പരാതി. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ചുചേർത്താണ് അടൂർ പ്രകാശ് ഇക്കാര്യം പരസ്യമായി ഉന്നയിച്ചത്.

മുസ്ലീംലീ​ഗ് നേതാവ് എം കെ മുനീറിനെ കാബിനറ്റ് പദവികളോടെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാക്കാനുള്ള തീരുമാനത്തിന് പിന്നാലെയായിരുന്നു അടൂർ പ്രകാശിന്റെ വാർത്താസമ്മേളനം. ഇത് ലീ​ഗിനും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അതിനിടെ, അടൂർ പ്രകാശിനെതിരേ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി എഐസിസി നേതൃത്വത്തിന് പരാതി നൽകാൻ വി ഡി സതീശൻ പക്ഷവും നീക്കം നടത്തുന്നതായാണ് സൂചന. കേരളത്തിലെ തമ്മിലടിയിൽ ഹൈക്കമാൻഡിന്റെ ഇടപെടലുണ്ടാകുമോ എന്നതാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്. സർക്കാർ-പാർട്ടി ഏകോപനത്തിന് ഹൈക്കമാൻഡ് പ്രത്യേക സമിതിയെ നിശ്ചയിക്കുമോ എന്നതും ഉറ്റുനോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *