കമ്മിറ്റിയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനുള്ളിലെ ചർച്ചകൾ സജീവമാകുന്നതിനിടെ, സംഘടനയിലെ വിഭാഗീയ തർക്കങ്ങൾക്ക് സമവായം കണ്ടെത്താൻ പാണക്കാട് കുടുംബത്തിൽ നിന്നുള്ള നേതൃത്വത്തെ മുന്നിൽ കൊണ്ടുവരാൻ ലീഗ് നേതൃത്വം നീക്കം തുടങ്ങി. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മുഈനലി തങ്ങൾ സംസ്ഥാന പ്രസിഡന്റായേക്കുമെന്നാണ് സൂചന.
യൂത്ത് ലീഗിലെ പ്രസിഡന്റ് സ്ഥാനത്തിനായി പി.കെ. ഫിറോസ്, പി.കെ. നവാസ് വിഭാഗങ്ങൾ ശക്തമായ നീക്കങ്ങൾ നടത്തിയിരുന്നു. ഫിറോസ് വിഭാഗം നേരത്തെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിഷബ് കീഴരിയൂരിന്റെ പേര് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇരുവിഭാഗങ്ങളുടെയും അവകാശവാദങ്ങൾക്കിടയിൽ സമവായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുഈനലി തങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്.
ജനപ്രതിനിധികൾ സംഘടനാ ഭാരവാഹിത്വം വഹിക്കേണ്ടതില്ലെന്ന നിലപാടും ഫിറോസ് വിഭാഗം ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ പി.കെ. നവാസിന്റെ പേരും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നിരുന്നെങ്കിലും ലീഗ് മുന്നോട്ടുവച്ച ‘ഒരാൾക്ക് ഒരു പദവി’ എന്ന നിലപാട് അദ്ദേഹത്തിന് തടസ്സമായേക്കും.
അതേസമയം, മുഈനലി തങ്ങളെ പ്രസിഡന്റാക്കുന്നതിൽ നേതൃത്വം ധാരണയിലെത്തിയാൽ മിഷബ് കീഴരിയൂരിനെ ജനറൽ സെക്രട്ടറിയാക്കാനാണ് സാധ്യത. സംഘടനയിലെ സീനിയോറിറ്റിയും പ്രവർത്തന പരിചയവും മിഷബിന് അനുകൂല ഘടകമാണ്.

