കോഴിക്കോട്: തുടര്‍ഭരണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒരാളിലേക്ക് ചുരുക്കിയെന്നും, വിജയത്തിന്റെ അവകാശവാദമുന്നയിക്കുന്ന നേതൃത്വം തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സിപിഎം. വിശാല സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് തിങ്കളാഴ്ച ഉയര്‍ന്നത്. സംഘടനാപരമായ ഗുരുതര വീഴ്ചകള്‍ തുറന്നുസമ്മതിച്ച്, ജനങ്ങളിലേക്കും അണികളിലേക്കും പൂര്‍ണമായി മടങ്ങി പുതിയ പ്രവര്‍ത്തന ശൈലി രൂപീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. തെറ്റുതിരുത്തല്‍ നടപടികള്‍ കേന്ദ്രനേതൃത്വം നേരിട്ട് നിശ്ചയിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം അണികള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും, വിജയത്തിന്റെ കാരണം അവകാശപ്പെടുന്ന സംസ്ഥാന നേതൃത്വം തന്നെ തോല്‍വിയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തുടര്‍ഭരണം പാര്‍ട്ടിയെയും വര്‍ഗ-ബഹുജന സംഘടനകളെയും ദുര്‍ബലപ്പെടുത്തിയെന്നും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് തോല്‍വി അപ്രതീക്ഷിതമായിരുന്നില്ലെന്നും, സംഘടനാ ദൗര്‍ബല്യം തിരുത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റിന് കഴിയുന്നില്ലെന്നും വിവിധ ജില്ലാ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പുകളിലെയും തദ്ദേശ തെരഞ്ഞെടുപ്പുകളിലെയും പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിനായില്ല. ചില നേതാക്കളുടെ ജീവിതരീതികള്‍, സഹകരണ ബാങ്ക് ക്രമക്കേടുകള്‍, മാധ്യമങ്ങളോടും യോഗങ്ങളിലുമുള്ള പെരുമാറ്റം എന്നിവ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റിയതായി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തുടര്‍ഭരണം പാര്‍ട്ടിയെ സര്‍ക്കാരിന്റെ നിഴല്‍ സംഘടനയാക്കി മാറ്റിയെന്നും, എല്ലാ കാര്യങ്ങളും ചുരുങ്ങിപ്പോകുന്ന പ്രവണതയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

