ആലുവ നഗരമധ്യത്തില്‍ നടുക്കുന്ന കവര്‍ച്ച. ആലുവ റെയില്‍വേ സ്റ്റേഷന് സമീപം പ്രവാസി മലയാളിയെ ആക്രമിച്ച് മാലയും പണവും കവര്‍ന്നു. രണ്ടുപേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കോടനാട് സ്വദേശി ജോഫിന്‍ ജിജു ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെയാണ് സംഭവം. ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ജോഫിന്‍ ജിജുവിനെ തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തിയായിരുന്നു ആക്രമണം. തുടര്‍ന്ന് കയറുകൊണ്ട് കെട്ടി കനാലില്‍ തള്ളി. ഇതിന് ശേഷം നെഞ്ചില്‍ കരിങ്കല്ല് കൊണ്ട് ഇടിച്ച് പണവും മാലയും കവര്‍ന്നെന്നാണ് പൊലീസിന് നല്‍കിയ മൊഴി.

റെയില്‍വേ സ്റ്റേഷന് പിന്നില്‍ ഗുഡ്‌സ് യാര്‍ഡിലൂടെ സ്റ്റേഷനിലേക്ക് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞെന്നും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അറിയിച്ചു. പ്രദേശത്ത് ഇരുട്ടിന്റെ മറവില്‍ ചില ആളുകള്‍ തമ്പടിക്കുന്ന കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കി.

അതിനിടെ രാത്രിസമയങ്ങളില്‍ പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്നതുമാണ് ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് മുന്‍പും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *