കൊച്ചി: സംസ്ഥാനം അഭിമുഖീകരിക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന കുറിപ്പ് ശ്രദ്ധ നേടുന്നു. 1970കള്‍ മുതല്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും പിന്നീട് പരിസ്ഥിതി പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയും ചെയ്ത വന്‍കിട ജലവൈദ്യുത പദ്ധതികളാണ് ഇന്നത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമെന്ന് വാദിക്കുന്നതാണ് ഷിന്റോ പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ ഉള്ളടക്കം

സംസ്ഥാനത്തിന്റെ ആകെ വനഭൂമിയായ 11,125 ചതുരശ്ര കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോള്‍, പമ്പ്ഡ് സ്റ്റോറേജ് ഒഴികെയുള്ള പ്രധാന ജലവൈദ്യുത പദ്ധതികള്‍ക്കായി ആവശ്യമായിരുന്നത് 40 മുതല്‍ 45 വരെ ചതുരശ്ര കിലോമീറ്റര്‍ ഭൂമി മാത്രമായിരുന്നുവെന്ന് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. സൈലന്റ് വാലിക്ക് 8.3 ചതുരശ്ര കിലോമീറ്ററും, അതിരപ്പള്ളിക്ക് 1.38 ചതുരശ്ര കിലോമീറ്ററും, പൂയംകുട്ടിക്ക് 28 മുതല്‍ 30 വരെ ചതുരശ്ര കിലോമീറ്ററുമാണ് ആവശ്യമായിരുന്നത്.

ജലവൈദ്യുത പദ്ധതികള്‍ തടസ്സപ്പെടുന്നതില്‍ കവയിത്രി സുഗതകുമാരിയുടെയും ഒഎന്‍വി കുറുപ്പ്, വൈലോപ്പിള്ളി ശ്രീധരമേനോന്‍, കടമ്മനിട്ട രാമകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരുടെയും നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചു. സുഗതകുമാരിയുടെ ‘മരത്തിനു സ്തുതി’ എന്ന കവിതയും വൈകാരികമായ പ്രചാരണങ്ങളും പ്രകൃതി സംരക്ഷണം ഒരു ധാര്‍മ്മിക കടമയായി ജനങ്ങളിലെത്തിച്ചു. പ്രകൃതി സംരക്ഷണ സമിതിയുടെ രൂപീകരണവും ദേശീയ തലത്തിലുള്ള ഇടപെടലുകളും പദ്ധതികള്‍ക്കെതിരായ ജനകീയ പിന്തുണ ശക്തിപ്പെടുത്തി.

1980ലെ കേന്ദ്ര നിയമപ്രകാരം വനേതര ആവശ്യങ്ങള്‍ക്ക് വനഭൂമി വിട്ടുനല്‍കാന്‍ കേന്ദ്ര വനമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമായത് സംസ്ഥാനങ്ങളുടെ അധികാരങ്ങളെ ബാധിച്ചു. അന്നത്തെ കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ കടുപ്പമേറിയ നിലപാടുകളും പൂയംകുട്ടി, അതിരപ്പള്ളി പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുള്ള വിലയിരുത്തലുകളും പദ്ധതികള്‍ക്ക് അന്തിമ അനുമതി ലഭിക്കുന്നതിന് തടസ്സമായി മാറി. വിദഗ്ധ സമിതി റിപ്പോര്‍ട്ടുകളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *