തേക്കടി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയിൽ കാലാനുസൃതമായ അത്യാധുനിക സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന കേരളത്തിന്റെ കർശന നിലപാടിനെ തുടർന്നാണ് സമിതിയുടെ തീരുമാനം.

സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മുല്ലപ്പെരിയാർ സമഗ്ര സുരക്ഷാ പരിശോധനാ സമിതി കഴിഞ്ഞ ദിവസം അണക്കെട്ടിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. തുടർന്ന് തേക്കടിയിൽ വെച്ച് കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത ഉദ്യോഗസ്ഥരുമായി സമിതി വിശദമായ ചർച്ചകൾ നടത്തി.

തേക്കടിയിൽ നടന്ന യോഗത്തിൽ കേരളത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതിനിധികൾ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ആശങ്കകൾ രേഖപ്പെടുത്തി. ഭൂകമ്പ സാധ്യതകൾ, അതിതീവ്ര മഴയെത്തുടർന്നുണ്ടാകുന്ന പ്രളയ ഭീഷണി, അണക്കെട്ടിന്റെ ആന്തരികവും ബാഹ്യവുമായ ഘടനാപരമായ സ്ഥിരത, അനിയന്ത്രിതമായ നീരൊഴുക്ക് എന്നിവ ആധുനിക ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തന്നെ വിലയിരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.

