അന്യസംസ്ഥാന തൊഴിലാളിയെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം ബസ്തി ജില്ലക്കാരനായ ഹക്കിം മർദ്ദി (46) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന് ഉത്തരവാദിയെന്ന് കരുതുന്ന പത്തൊൻപതുകാരനായ യുവാവിനെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപവാസികൾ പിടികൂടി തടഞ്ഞുവെച്ചു പൊലീസിന് കൈമാറി. ചൊവ്വാഴ്ച രാത്രി ഒമ്പതേമുക്കാലോടെയായിരുന്നു സംഭവം . കൊരട്ടി സർക്കാർ പോളിടെക്നിക്ക് കോളജിന്റെ പുതിയ കെട്ടിട നിർമ്മാണ ജോലികൾക്കായി എത്തിയ തൊഴിലാളി സംഘത്തിൽ ഉൾപ്പെട്ടയാളാണ് കൊല്ലപ്പെട്ട ഹക്കിം.
പോളിടെക്നിക്കിന് സമീപത്തെ ഗീതാഞ്ജലി റോഡിലുള്ള വാടകവീട്ടിലാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. ഇവിടെ വീട്ടിനുള്ളിലാണ് ഹക്കിം മർദ്ദിയെ രക്തം തളംകെട്ടി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം ഉടൻതന്നെ പൊലീസിനെ അറിയിച്ചത്.
കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ ചാലക്കുടി ഡിവൈഎസ്പി, കൊരട്ടി എസ്.എച്ച്.ഒ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

