തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ സെപ്റ്റംബർ ഒന്ന് മുതൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന വാർഷിക ടോൾ നിരക്ക് വർദ്ധനവ് തല്ക്കാലം നടപ്പാക്കില്ലെന്ന് കരാർ കമ്പനി വ്യക്തമാക്കി. ടോൾ പിരിവിന് ചുമതലയുള്ള ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ നിരക്ക് വർദ്ധനവിൽ നിന്ന് പിന്മാറിയ കാര്യം അറിയിച്ചത്. ഇന്നുമുതൽ ടോൾ നിരക്ക് പരിഷ്കരിക്കാൻ ദേശീയപാത അതോറിറ്റിഅനുമതി നൽകിയിരുന്നെങ്കിലും, ഹൈക്കോടതിയുടെ മുൻ ഉത്തരവ് കണക്കിലെടുത്താണ് കമ്പനി ഈ തീരുമാനമെടുത്തത്. കരാർ പ്രകാരം അടിസ്ഥാന നിരക്കിന്റെയും മൊത്തവില സൂചികയുടെയും അടിസ്ഥാനത്തിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കരയിലെ ടോൾ നിരക്ക് പുതുക്കാറുള്ളത്.

മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിലെ കടുത്ത ഗതാഗതക്കുരുക്കും അനുബന്ധ റോഡ് വികസനങ്ങളിലെ അപാകതകളും ചൂണ്ടിക്കാട്ടി മുൻപ് ഹൈക്കോടതി ഇവിടെ ടോൾ പിരിവ് തടഞ്ഞിരുന്നു. തുടർന്ന് 2025 ഒക്ടോബർ 17-ന് പുറത്തിറക്കിയ ഉത്തരവിൽ ടോൾ പിരിക്കാൻ കോടതി അനുമതി നൽകിയെങ്കിലും, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഒരു കാരണവശാലും ടോൾ നിരക്ക് വർദ്ധിപ്പിക്കരുതെന്ന് പ്രത്യേകം നിഷ്കർഷിച്ചിരുന്നു. ഈ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുള്ളതിനാലാണ് നിരക്ക് വർദ്ധന നടപ്പാക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചത്. നിരക്ക് പുതുക്കുന്നതിലെ കാലതാമസം മൂലമുണ്ടാകുന്ന നഷ്ടം എൻഎച്ച്എഐ പിന്നീട് നികത്തുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി.

ദേശീയപാത അതോറിറ്റി നൽകിയ അനുമതി പ്രകാരം കാറുകൾക്ക് ഒരു ഭാഗത്തേക്കുള്ള യാത്രാ നിരക്ക് 90 രൂപയിൽ നിന്ന് 100 രൂപയായി ഉയർത്താനായിരുന്നു തീരുമാനം. ഇതോടൊപ്പം കാറുകളുടെ ഒന്നിൽ കൂടുതൽ യാത്രകൾക്കുള്ള പ്രതിദിന നിരക്ക് 140 രൂപയിൽ നിന്ന് 145 രൂപയായും, ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 160 രൂപയിൽ നിന്ന് 170 രൂപയായും വർദ്ധിപ്പിക്കാൻ നിശ്ചയിച്ചിരുന്നു. കമ്പനി പിന്മാറിയതോടെ യാത്രക്കാർക്ക് പഴയ നിരക്കിൽ തന്നെ യാത്ര തുടരാം.

