കോഴിക്കോട്: പൊലീസ് സബ് ഇൻസ്പെക്ടർ ചമഞ്ഞ് ലഹരി ഇടപാടുകാരിൽ നിന്ന് രാസലഹരി പിടിച്ചെടുക്കുകയും, തുടർന്ന് ഇത് വിപണിയിൽ മറിച്ചുവിറ്റ് വൻ ലാഭമുണ്ടാക്കുകയും ചെയ്ത യുവാവ് പിടിയിലായി. ഫറോക്ക് ചുങ്കം കല്ലിത്തോട് സ്വദേശി റോജിത് ആണ് കോഴിക്കോട് പിടിയിലായത്.

കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ എസ്ഐ ആണെന്ന് സ്വയം പരിചയപ്പെടുത്തി യുവാക്കളെ തടഞ്ഞുനിർത്തി പണം തട്ടുന്നതായി പൊലീസിന് നിരന്തരം പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫും ഫറോക്ക് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് വ്യാഴാഴ്ച രാത്രി രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വെച്ച് റോജിതിനെ തന്ത്രപരമായി കുടുക്കിയത്.

ഡാൻസാഫ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും ലഹരി ഉപയോഗിക്കുന്നവരിൽ നിന്നും ചെറിയ കച്ചവടക്കാരിൽ നിന്നും എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ രീതി. കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇവരിൽ നിന്ന് വൻ തുക കൈക്കൂലിയായും ഇയാൾ തട്ടിയെടുത്തിരുന്നു.ഇങ്ങനെ പിടിച്ചെടുക്കുന്ന എംഡിഎംഎ പിന്നീട് നഗരത്തിലെ മറ്റ് ആവശ്യക്കാർക്ക് ഉയർന്ന വിലയ്ക്ക് വിറ്റ് ഇയാൾ വൻതോതിൽ സാമ്പത്തിക നേട്ടമുണ്ടാക്കി. അറസ്റ്റ് ചെയ്യുമ്പോൾ 2.5 ഗ്രാം എംഡിഎംഎ മാത്രമാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തതെങ്കിലും, സമാനമായ രീതിയിൽ കോഴിക്കോട് നഗരത്തിൽ വൻതോതിൽ ലഹരി ഇടപാടുകൾ നടത്തിയതായി പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *