ദില്ലി: സ്ത്രീ സുരക്ഷയ്ക്ക് മുഖ്യപരിഗണനയെന്ന് സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും കാണാതാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍. 2019 മുതൽ 2021 വരെയുള്ള കാലയളവില്‍ മാത്രം 10 ലക്ഷത്തിലധികം സ്ത്രീകളെയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് കാണാതായിട്ടുണ്ടെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് ഏറ്റവും അധികം സ്ത്രീകളെയും കാണാതാവുന്നത് മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു . 2019, 2020, 2021 വര്‍ഷങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്താകെ 2019ല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള 3,42,168 സ്ത്രീകളെയും 18 വയസിന് താഴെയുള്ള 82,084 പേരെയുമാണ് കാണാതായത്. 2020ല്‍ 3,44,422 സ്ത്രീകളെയും 79,233 പെണ്‍കുട്ടികളെയും കാണാതായി. 2021ല്‍ 3,75,058 സ്ത്രീകളെയും 90,113 പെണ്‍കുട്ടികളെയുമാണ് കാണാതായത്.
2021ലെ കണക്കുകള്‍പ്രകാരം മധ്യപ്രദേശില്‍ നിന്ന് 55,704 സ്ത്രീകളെയും 13,034 പെണ്‍കുട്ടികളെയുമാണ് കാണാതായത്. 2020ല്‍ 50,357 സ്ത്രീകളെയും 11,885 പെണ്‍കുട്ടികളെയും കാണാതായി. 2019ല്‍ 52,119 സ്ത്രീകളെയും 13,315 പെണ്‍കുട്ടികളെയുമാണ് മധ്യപ്രദേശില്‍ നിന്ന് കാണാതായത്. 2021ല്‍ മഹാരാഷ്ട്രയില്‍ നിന്ന് 56,498 സ്ത്രീകളെയും 3,937 പെണ്‍കുട്ടികളെയുമാണ് കാണാതായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ല്‍ 58,735 സ്ത്രീകളെയാണ് കാണാതായത്, 4,517 പെണ്‍കുട്ടികളെയും. 2019ല്‍ 63,167 സ്ത്രീകളെയും 4,579 പെണ്‍കുട്ടികളെയും കാണാതായി.
ഉത്തര്‍പ്രദേശില്‍ നിന്ന് 2019ല്‍ 3,492 പെണ്‍കുട്ടികളെയും 8,985 സ്ത്രീകളെയും കാണാതായി. 2020ല്‍ 2,773 പെണ്‍കുട്ടികളെയും 8,542 സ്ത്രീകളെയും കാണാതായി. 2021ല്‍ 3,214 പെണ്‍കുട്ടികളെയും 9,035 സ്ത്രീകളെയുമാണ് കാണാതായത്. പശ്ചിമ ബംഗാളില്‍ നിന്ന് 2019ല്‍ 11,847 പെണ്‍കുട്ടികളെയും 54,348 സ്ത്രീകളെയും കാണാതായി. 2020ല്‍ 11,481 പെണ്‍കുട്ടികളെയും 51,559 സ്ത്രീകളെയും കാണാതായി. 2021ല്‍ 13,278 പെണ്‍കുട്ടികളെയും 50,998 സ്ത്രീകളെയുമാണ് പശ്ചിമ ബംഗാളില്‍ നിന്ന് കാണാതായത്.
2019 മുതല്‍ 2020 വരെ മിസോറം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മാത്രമാണ് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്തത്. കേരളത്തില്‍ നിന്ന് കാണാതാവുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം കുറയുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ കേരളത്തില്‍ നിന്ന് 1,118 പെണ്‍കുട്ടികളെയാണ് കാണാതായത്, 8202 സ്ത്രീകളെയും. 2020ല്‍ 942 പെണ്‍കുട്ടികളെയും 5,929 സ്ത്രീകളെയുമാണ് കാണാതായത്. 2021 എത്തുമ്പോള്‍ 951 പെണ്‍കുട്ടികളെയാണ് കാണാതായത്. 5,657 സ്ത്രീകളെയും.
അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, പുതുച്ചേരി എന്നിവിടങ്ങളില്‍ കാണാതാവുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം കുറവാണ്. ലഡാക്കില്‍ 2021ല്‍ മൂന്ന് പെണ്‍കുട്ടികളെയും 22 സ്ത്രീകളെയും കാണാതായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
There is no ads to display, Please add some