അഖിൽ മാരാർക്ക് തൃപ്പൂണിത്തറ സീറ്റ് വാഗ്ദാനം ചെയ്തെന്ന അവകാശവാദം തെറ്റാണെന്ന് ട്വൻറി ട്വൻറി അധ്യക്ഷൻ സാബുജേക്കബ്. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അഖിൽ മാരാരോട് വേണ്ട കാര്യങ്ങള്‍ എഴുതിതരാൻ ആവശ്യപ്പെട്ട് എഴുതി ഒപ്പിട്ടു വാങ്ങിയിരുന്നെന്നും അതിൽ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം നൂറ്റിപ്പത്ത് ശതമാനവും നടപ്പിലാക്കിയെന്നും സമകാലിക മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സാബു ജേക്കബ് പറഞ്ഞു. കൊട്ടാരക്കര സീറ്റ് ഉറപ്പ് നല്‍കിയാണ് തന്നെ ട്വന്റി 20 യില്‍ എത്തിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചതായുമുള്ള അഖിൽ മാരാരുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയില്‍ സ്വതന്ത്രനായി മത്സരിക്കണമെന്ന ആഗ്രഹവുമായി നിന്ന സമയത്ത് എന്‍ഡിഎയുടെ പല ടീമുകള്‍ തന്നെ സമീപിക്കുകയായിരുന്നുവെന്ന അഖിൽ മാരാരുടെ അവകാശവാദവും സാബുജേക്കബ് തള്ളി. കൊട്ടാരക്കര സീറ്റിൽ അഖിൽ മാരാർക്ക് താൽപര്യമുണ്ടെന്ന് പറഞ്ഞ് ഒരാള്‍ തങ്ങളെ ബന്ധപ്പെട്ടുകയായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അഖില്‍ മാരാര്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതൊന്നും ഓര്‍മിക്കുന്നില്ലെന്നും ആര് രശ്മി വന്നതുകൊണ്ടാണ് കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാത്തതെന്നും സാബു ജേക്കബ് വ്യക്തമാക്കി. ഞാനുമായിട്ടല്ല എന്‍ഡിഎ വൈസ് പ്രസിഡന്റുമായാണ് പ്രശ്നമുണ്ടായത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അഖില്‍ മത്സരിക്കേണ്ട എന്ന്. നമുക്കും അഖിലിനും എല്ലാം നല്ലത് അതാണ്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആള് അങ്ങട് മാറി. പിന്നെ പുള്ളി കരച്ചിലും കാലുപിടിത്തവുമായി. അഖില്‍ പെട്ടെന്ന് ഇമോഷണല്‍ ആകുന്നയാളാണെന്നും ബി പി കൂടുന്നതാണോ എന്ന് തനിക്കറിയില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

