കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട സംഭവത്തിൽ തങ്ങൾക്ക് മുൻകൂട്ടി വിവരമൊന്നുമില്ലായിരുന്നുവെന്ന് ബിആർസി അധികൃതർ. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സമയത്ത് ഇവർക്ക് ലഹരിബന്ധമുള്ളതായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. സമഗ്ര ശിക്ഷാ കേരളയ്ക്ക് (SSK) കീഴിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര ബിആർസിയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടറായ കീർത്തന, ഓട്ടിസം ബാധിതരായ കുട്ടികളെ പഠിപ്പിച്ചിരുന്ന കാവ്യ എന്നിവരെ കഴിഞ്ഞ ദിവസമാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇരുവരെയും സർവീസിൽ നിന്ന് നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.
കീർത്തനയുടെ അറസ്റ്റിന് പിന്നാലെ ജീവനക്കാരുടെ യോഗം വിളിച്ചുചേർത്തെന്നും ലഹരിബന്ധമുള്ളവർ ആരോടെങ്കിലും ഉണ്ടെങ്കിൽ സ്ഥാപനത്തിന്റെ പേര് ദോഷത്തിലാക്കാതെ രാജിവെച്ചു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബിആർസി ഉദ്യോഗസ്ഥർ പറഞ്ഞു. കീർത്തനയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന കാവ്യയോട് കാര്യങ്ങൾ തിരക്കിയെങ്കിലും വ്യക്തിപരമായ സൗഹൃദത്തിനപ്പുറം ലഹരി ഇടപാടുകളിൽ പങ്കില്ലെന്നാണ് അവർ പറഞ്ഞിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

