തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി കെഎസ്ആർടി.സി ആരംഭിച്ച ‘പിങ്ക് ബസ്’- ലേഡീസ് ഒൺലി സർവീസുകൾക്ക് തലസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. തൊഴിലെടുക്കുന്ന സ്ത്രീകൾക്കും സാധാരണക്കാരായ യാത്രക്കാർക്കും രാത്രികാലങ്ങളിലടക്കം സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന സുരക്ഷിത സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ടെക്നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലുള്ള വനിതകൾക്ക് വൈകിട്ട് ഷിഫ്റ്റ് കഴിഞ്ഞ് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ രാത്രി 8:00, 10:00 എന്നീ സമയങ്ങളിൽ പിങ്ക് ബസ് പ്രത്യേക സർവീസ് നടത്തും. ട്രെയിനുകളിൽ എത്തുന്ന വനിതാ യാത്രക്കാർ, ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന അമ്മമാർ, രോഗികൾ എന്നിവർക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് സുരക്ഷിതമായി എത്താൻ രാവിലത്തെ സമയങ്ങളിൽ ബസ് ക്രമീകരിക്കും. യാത്രക്കാരുടെ ആവശ്യങ്ങൾ വിലയിരുത്തി ശാസ്ത്രീയമായ രീതിയിൽ സമയക്രമവും റൂട്ടുകളും നിശ്ചയിച്ച് വൈകാതെ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി
പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ കെഎസ്ആർടിസി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ജനങ്ങൾക്കിടയിൽ മികച്ച വിശ്വാസ്യതയും സ്വീകാര്യതയും നേടാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. സൗജന്യ യാത്രാ പദ്ധതികളും ക്ഷേമപദ്ധതികളും നടപ്പാക്കുന്നതിന്റെ പേരിൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

