കൽപ്പറ്റ: കള്ളാടി തുരങ്കമുഖത്തെ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ ഉത്തരവാദിത്തം കരാർ കമ്പനിക്ക് മാത്രമല്ലെന്നും, ശാസ്ത്രീയ പഠനങ്ങളില്ലാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോയ സർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കും ഉത്തരവാദിത്തമുണ്ടെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
തുരങ്ക നിർമ്മാണത്തിന്റെ തുടക്കത്തിൽ തന്നെ പരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും അപകടസാധ്യത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സർക്കാർ അവഗണിച്ചുവെന്നാണ് സമിതിയുടെ ആരോപണം. വനം-പരിസ്ഥിതി മന്ത്രാലയത്തിന് തെറ്റായ വിവരങ്ങൾ നൽകി അനുമതി നേടിയെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ചാണ് പദ്ധതി നടപ്പാക്കിയതെന്നും സമിതി പറഞ്ഞു.
ശാസ്ത്രീയ പഠനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പ്രവർത്തകരെ ‘വികസന വിരുദ്ധർ’ എന്ന് മുദ്രകുത്തി അപകീർത്തിപ്പെടുത്തിയതായും സമിതി ആരോപിച്ചു.
കാമൽ ഹമ്പ് മലനിരകളിലൂടെ കടന്നുപോകുന്ന തുരങ്കപാത ഉപേക്ഷിക്കണമെന്നും, കള്ളാടിയിലെ ദുരന്തം പ്രകൃതിയുടെ മുന്നറിയിപ്പായി കണ്ട് സർക്കാർ പാഠം പഠിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു

