എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ ഇഡിയുടെ അന്വേഷണം തുടരാമെന്ന് ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താന്‍ കഴിയില്ലെന്ന സിഎംആര്‍എല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിനായി, രണ്ടാഴ്ച വിധി മരവിപ്പിക്കണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളി.അന്വേഷണം നടത്തുന്നതില്‍ എന്താണ് തടസ്സമെന്ന് കോടതി വാദത്തിനിടെ സിഎംആര്‍എല്ലിനോട് ചോദിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കട്ടെ. രേഖകള്‍ എല്ലാം കയ്യിലുണ്ടെങ്കില്‍ അത് ഹാജരാക്കിയാല്‍ മതിയല്ലോ. ക്ലീന്‍ ചിറ്റ് ലഭിച്ചുകഴിഞ്ഞാല്‍ പിന്നീട് പ്രശ്‌നമില്ലല്ലോ എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിഎംആര്‍എല്ലിനോട് ചോദിച്ചിരുന്നു.

അധികാരപരിധി മറികടന്നാണ് ഇഡി അന്വേഷണം നടത്തുന്നതെന്നാണ് സിഎംആര്‍എല്‍ വാദിച്ചിരുന്നത്. തെളിവ് ശേഖരണത്തിനായി സമന്‍സ് അയക്കാന്‍ ഇഡിക്ക് അധികാരമില്ല. ആദായനികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇ ഡിയുടെ പരിധിയില്‍ വരില്ലെന്നും കമ്പനി വാദിച്ചു. കൂടാതെ, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം തന്നില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും സിഎംആര്‍എല്‍ വാദിച്ചിരുന്നു.

എന്നാല്‍, മറ്റ് ഏജന്‍സികള്‍ ഈ കേസ് അന്വേഷിക്കുന്നുണ്ടോ എന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നാണ് ഇഡിക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കിയത്. എസ്എഫ്‌ഐഒ ജനുവരിയില്‍ അന്വേഷണം തുടങ്ങിയ കേസില്‍ മാര്‍ച്ചിലാണ് തങ്ങള്‍ അന്വേഷണം ആരംഭിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *