പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇരുചക്രവാഹനം ഓടിക്കുകയും തൊട്ടുപിന്നാലെ വന്ന കാറുകൾ ബ്രേക്ക് ചെയ്തപ്പോൾ പിന്നിലിടിച്ച് അപകടമുണ്ടാകുകയും ചെയ്ത സംഭവത്തിലാണ് കോട്ടയം ഈരാറ്റുപേട്ടയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടക്കുന്നത്. ഇതിനെക്കുറിച്ച് പരാതിക്കാരനായ കാർ യാത്രികൻ പുറത്തുവിട്ട വിഡിയോ ഏറ്റുപിടിച്ചാണ് പ്രചാരണം. ഈരാറ്റുപേട്ട മോശം സ്ഥലമാണ്. ഈരാറ്റുപേട്ടക്കാർ നിയമം പാലിക്കാത്തവരാണ്, തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം.

ഇതിനെതിരെയാണ് നഗരസഭാ ഭരണസമിതി പൊലീസിൽ പരാതി നൽകിയത്. ഈരാറ്റുപേട്ടയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം അനുവദിക്കില്ലെന്ന് ജനപ്രതിനിധികളും നഗരസഭാ ഭരണസമിതിയും വ്യക്തമാക്കി. ഡിവൈഎഫ്ഐ ഈരാറ്റുപേട്ട മേഖലാ കമ്മിറ്റി ഉൾപ്പെടെയുളള സംഘടനകളും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് നടപടി സ്വീകരിച്ചതാണെന്നും മറ്റ് താൽപര്യങ്ങളോടെ വിദ്വേഷ പ്രചാരണം പാടില്ലെന്നും എംഎൽഎയും പറഞ്ഞു.

