ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ സിറ്റിങ് എംഎൽഎ റോഷി അഗസ്റ്റിൻ തന്നെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. കേരള കോൺഗ്രസ് എം ലീഡർ ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. കേരള കോൺഗ്രസ് എമ്മിൻ്റെ ആദ്യ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമാണിത്. കട്ടപ്പനയിൽ ‘വികസന മുന്നേറ്റ ജാഥ’ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ.മാണി.

2001 മുതൽ ഇടുക്കിയെ റോഷിയാണ് പ്രതിനിധീകരിക്കുന്നത്. 2021-ൽ ഫ്രാൻസിസ് ജോർജിനെ 5573 വോട്ടുകൾക്കാണ് റോഷി പരാജയപ്പെടുത്തിയത്. സിറ്റിങ് എംഎൽഎമാർ തുടരുമെന്ന് കേരള കോൺഗ്രസ് എം നേരത്തെ സൂചന നൽകിയിരുന്നു. എം.എൽ.എ.മാർ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിട്ടുമുണ്ടായിരുന്നു. ജോസ് കെ.മാണി പാലായിൽ ഭവനസന്ദർശനം അടക്കമുള്ളവ നടത്തിവരുന്നുണ്ട്.


