ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിയാണ് തന്ത്രിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. അതേസമയം, കേസിൽ തന്ത്രി രാജീവ് കൊല്ലം വിജിലന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും.

അൽപ്പസമയം മുമ്പാണ് തന്ത്രിയെ കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ജഡ്ജ് ഡോ.സിഎസ് മോഹിതിന് മുമ്പാകെ എസ്ഐടി സംഘം ഹാജരാക്കിയത്. ജഡ്ജിയുടെ ക്വാര്‍ട്ടേഴ്സിലാണ് തന്ത്രി രാജീവരെ എത്തിച്ചത്. തുടര്‍ന്ന് കോടതി തന്ത്രിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് തന്ത്രിയെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കസ്റ്റഡിയിലെടുക്കുന്നത്.

മണിക്കൂറുകല്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഉച്ചയ്ക്കുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. ഇതിനുശേഷമാണ് കൊല്ലത്തേക്ക് കൊണ്ടുപോയത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയെന്നാണ് എസ്ഐടിയുടെ അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്.

