കണ്ണൂർ: കണ്ണൂരിൽ മദ്യ ലഹരിയിൽ റോഡാണെന്ന് കരുതി റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചയാൾ അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെയാണ് കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റു ചെയ്തത്.

താഴെ ചൊവ്വ സ്പിന്നിങ് മില്ലിന് സമീപത്തെ റെയിൽവേ ഗേറ്റിന് സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. റെയിൽവേ ഗേറ്റിലൂടെ കടന്ന് റോഡ് ആണെന്ന തോന്നലിൽ റെയിൽവേ പാളത്തിലൂടെ 15 മീറ്ററോളം ജയപ്രകാശ് കാർ ഓടിച്ചു.

കാർ പിന്നീട് പാളത്തിൽ കുടുങ്ങി. ഗേറ്റ്മാൻ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി കാർ ട്രാക്കിൽ നിന്ന് മാറ്റി. മദ്യ ലഹരിയിലാണ് ജയപ്രകാശ് വാഹനം ഓടിച്ചതെന്നാണ് പൊലീസ് പറയുന്നത്.
റെയിൽവേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ജയപ്രകാശിന്റെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കാർ തിരിച്ചു നൽകിയിട്ടില്ല. കാർ പൊലീസ് കോടതിയിൽ ഹാജരാക്കും.