കാഞ്ഞിരപ്പള്ളി: തീർഥാടന കാലമെത്തിയിട്ടും ബസ്‌സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുറക്കാൻ നടപടിയായില്ല. മഴക്കാലത്ത് മലിനജലക്കുഴിയിൽ ഉറവവന്ന് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നുവെന്ന കാരണത്താൽ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ് കംഫർട്ട് സ്റ്റേഷൻ.

ബസ്‌സ്റ്റാൻഡിലെത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാരും ബസ് ജീവനക്കാർക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബസ്‌സ്റ്റാൻഡിൽ പ്രാഥമികകൃത്യങ്ങൾ നടത്തുന്നതിന് സൗകര്യമില്ല. തീർഥാടന കാലമെത്തിയതോടെ ബസിൽ എത്തുന്ന അയ്യപ്പഭക്തർക്കും കംഫർട്ട് സ്റ്റേഷൻ ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. പലപ്പോഴും യാത്രക്കാർ പ്രദേശത്തെ ഹോട്ടലുകളിലെയും കെട്ടിടങ്ങളിലെയും ശൗചാലയങ്ങളെയാണ് ആശ്രയിക്കുന്നത്.

പുരുഷന്മാർ കംഫർട്ട് സ്റ്റേഷൻ പരിസരമാണ് പ്രയോജനപ്പെടുത്തുന്നത്. ഇത് ദുർഗന്ധത്തിനും ഇടയാക്കുന്നു. ഒപ്പം മഴയെത്തിയാൽ ഈ ഭാഗത്തുനിന്ന് വെള്ളം ഒലിച്ച് ബസ്‌സ്റ്റാൻഡിലൂടെ ഒഴുകുന്നു. ഈ മാലിന്യത്തിൽ ചവിട്ടിവേണം യാത്രക്കാർ നടക്കാൻ. വർഷങ്ങളായി ബസ്‌സ്റ്റാൻഡിലെ മലിനജലക്കുഴിയിലെ ഉറവകാരണം കംഫർട്ട് സ്റ്റേഷൻ പൂട്ടിയിട്ടിരിക്കുകയാണ്. എന്നാൽ, പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. ബസ്‌സ്റ്റാൻഡിൽനിന്ന് 300-മീറ്ററോളം മാറി കുരിശുങ്കലിലാണ് വഴിയിടം സ്ഥിതി ചെയ്യുന്നത്.

മറ്റൊരു പൊതുശൗചാലയം പേട്ടക്കവലയിലുമാണ്. ബസ്‌സ്റ്റാൻഡിലിറങ്ങി ഇവിടെവരെ നടന്നെത്താനും യാത്രക്കാർക്ക് സാധിക്കില്ല. അത്യാവശ്യക്കാർ മറ്റൊരു ബസിൽ കയറിയോ, ഒട്ടോറിക്ഷ പിടിച്ചോ ഇവിടെയെത്തുക മാത്രമാണ് ഏകമാർഗം. തീർഥാടകർക്ക് അടക്കം ബുദ്ധിമുട്ടുണ്ടാക്കാതെ കംഫർട്ട് സ്റ്റേഷൻ തുറന്ന് പ്രവർത്തിക്കാൻ നടപടി വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

