റോസാപ്പൂവിന്റെ്റെ സുഗന്ധം പോലെ, കുട്ടികളുടെ നിഷ്‌കളങ്കമായ ചിരിയിൽ നിറയുന്ന ഒരു ദിനം. സ്വതന്ത്ര ഇന്ത്യയുടെ ശിൽപിയും കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മകളോടൊപ്പം, ഓരോ കുരുന്നിന്റെയും ഭാവിയും സ്വപ്പ്നങ്ങളും പൂവണിയാൻ രാജ്യം ഒന്നിക്കുന്ന സുവർണ്ണ നിമിഷമാണ് ശിശുദിനം.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14 ആണ് രാജ്യത്ത് ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സ്നേഹത്തെയും വാത്സല്യത്തെയും ഓർമ്മപ്പെടുത്തിയാണ് ഈ ദിവസം ആഘോഷിക്കുന്നത്.

1889 നവംബർ 14 ന് ജനിച്ച നെഹ്റു, കുട്ടികളോടുള്ള അടുപ്പം കാരണം ‘ചാച്ചാജി’ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു. തൊപ്പിയും നീണ്ട ജുബ്ബയും അതിൽ ചുവന്ന റോസാപ്പൂവും ധരിച്ച അദ്ദേഹത്തിൻ്റെ പുഞ്ചിരിക്കുന്ന മുഖം കുട്ടികൾക്ക് പ്രിയങ്കരമായിരുന്നു. കുട്ടികളാണ് സമൂഹത്തിന്റെ കരുത്തും ഭാവിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

ശിശുദിനം ആചരിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് കുട്ടികളുടെ ക്ഷേമം, സ്വാതന്ത്ര്യം, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്. ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും രാജ്യത്തെ ഓരോ കുട്ടിക്കും ഉറപ്പുവരുത്താൻ ഈ ദിനം പ്രചോദനമാകുന്നു.

ശിശുദിനം രാജ്യത്തിൻ്റെ എല്ലാ കോണുകളിലും കുട്ടികളുടെ ആഘോഷമായി കൊണ്ടാടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വായനശാലകളിലും മറ്റ് സ്ഥാപനങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ മനസ്സുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാൻ പഠിപ്പിക്കുക എന്ന ലക്ഷ്യവും ഈ ആഘോഷങ്ങൾക്കു പിന്നിലുണ്ട്.

ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ, ശിശുദിന പോസ്റ്റർ തയ്യാറാക്കൽ, ചിത്രരചന, പ്രസംഗം, രാജ്യത്തെക്കുറിച്ചും ചാച്ചാജിയെക്കുറിച്ചുമുള്ള അറിവുകൾ പങ്കുവെക്കൽ തുടങ്ങിയ നിരവധി മത്സരങ്ങൾ നടത്താറുണ്ട്. കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അറിവ് നേടാനുമുള്ള ഒരു വേദിയായി ഈ ദിനം മാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *