55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിയ്ക്ക് തൃശൂരിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിക്കുന്നത്.

മികച്ച നടനുള്ള പുരസ്കാരത്തിന് അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും ആണെന്നാണ് വിവരം. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിന് മമ്മൂട്ടി ഒരിക്കല്‍കൂടി സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനവുമായി ആസിഫ് അലിയും മികച്ച നടനുള്ള അവാർഡിനായി മത്സരരം​ഗത്തുണ്ട്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് പുരസ്കാരങ്ങൾക്കായി ജൂറിയുടെ പരിഗണനയിലുള്ളത്.

നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാലും മത്സരിക്കുന്നുണ്ട്. കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവരാണ് മികച്ച നടിക്ക് വേണ്ടി മത്സരിക്കുന്നത്. അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *