രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. എണ്ണക്കമ്പനികളുടെ പതിവ് വില പരിഷ്കരണത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ ഗ്രാം എല്‍ പി ജി സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സിലിണ്ടര്‍ ഒന്നിന് 15 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യം നവരാത്രി, ദസറ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുമ്പോഴുള്ള വില വര്‍ധനവ് ഹോട്ടല്‍, റെസ്റ്റോറന്റ് വിപണികള്‍ക്ക് തിരിച്ചടിയായി.
അതേസമയം 14 കിലോ ഗ്രാം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമൊന്നുമില്ല. എണ്ണക്കമ്പനികള്‍ കഴിഞ്ഞ ആറ് മാസമായി വാണിജ്യ സിലിണ്ടറിന്റെ നിരക്ക് കുറച്ചിരുന്നു. കൊച്ചിയില്‍ എല്‍ പി ജി സിലിണ്ടറിന് വില 1,602.5 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപയും കോഴിക്കോട്ട് 1,634.5 രൂപയും ആണ് വില. പ്രാദേശിക നികുതി, ഗതാഗത ചെലവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളില്‍ വ്യത്യസ്ത വില അനുഭവപ്പെടുന്നത്.

