ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ കൈയിൽ നിന്ന് താഴെ വെക്കാതെ ജീവിക്കുന്നവരാണ് പലരും. ടോയ്‌ലറ്റിൽ പോകുമ്പോൾ പോലും മൊബൈൽ ഫോണും കൊണ്ടു പോയി അതിൽ നോക്കി ഇരുന്ന് കാര്യം സാധിക്കുന്നവരാണ് മിക്കവരും. എന്നാൽ, പണി വരുന്നുണ്ട്. ടോയ്‌ലറ്റിൽ ഇരുന്ന് ഫോൺ നോക്കുന്നവരിൽ മൂലക്കുരു വരാനുള്ള സാധ്യത 46 ശതമാനം കൂടുതലാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ടോയ്‌ലറ്റിൽ ഇരുന്നുകൊണ്ട് കൂടുതൽ നേരം മൊബൈൽ ഫോൺ സ്ക്രോൾ ചെയ്യുന്നത് മലാശയ സിരാമർദ്ദം വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ. മലബന്ധം, ആയാസം, ദീർഘനേരം ടോയ്‌ലറ്റിൽ ഇരിക്കുന്നത് എന്നിവ മൂലക്കുരു ഉണ്ടാകാനുള്ള കാരണമാണെന്നാണ് കണ്ടെത്തൽ. എന്നാൽ, ഭക്ഷണത്തിൽ കൂടുതൽ നാരുകൾ ഉൾപ്പെടുത്തുക, ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക എന്നിങ്ങനെ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇതിന്റെ സാധ്യത കുറയ്ക്കാൻ സാധിക്കും.
ടോയ്‌ലറ്റിൽ ഫോൺ ഉപയോഗിക്കുന്നതും മൂലക്കുരുവും തമ്മിലെന്ത് ബന്ധം?
ടോയ്‌ലറ്റിൽ പോകുമ്പോഴും ഫോൺ ഉപയോഗിക്കുന്നവർ ദീർഘനേരം അവിടെത്തന്നെ ഇരിക്കും. ഇത്തരത്തിൽ ദീർഘനേരം ഇരിക്കുന്നത് മലാശയസിരകൾക്ക് സമ്മർദ്ദം നൽകും. ഇത് രക്തം അടിഞ്ഞുകൂടുന്നതിന് കാരണമാകുകയും മൂലക്കുരു സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. മലാശയത്തിലെ മർദ്ദം വർധിപ്പിക്കുന്നത് എന്തും മൂലക്കുരുവിന് കാരണമാകാം. മലബന്ധം, കൂടുതൽ നേരം ഇരിക്കുന്നത്, ഗർഭകാലം, വിട്ടുമാറാത്ത വയറിളക്കം, നാരുകളുള്ള ഭക്ഷണം കഴിക്കാത്തത് എന്നിവയെല്ലാം ഇതിന് കാരണമാകാം. ഈ കാരണങ്ങളെല്ലാം സിരകൾ വീർക്കുന്നതിന് കാരണമാകുന്നു. അതാണ് മൂലക്കുരു ഉണ്ടാകുന്നതിന് കാരണമായി മാറുന്നതും.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
പലർക്കും മൂലക്കുരു നാണക്കേട് ഉണ്ടാക്കുന്ന ഒരു അസുഖമാണ്. എന്നാൽ, ചില ലക്ഷണങ്ങൾ കണ്ടാൽ നിർബന്ധമായും ഡോക്ടറെ കാണേണ്ടതുണ്ട്. ടോയ്‌ലറ്റിൽ പോയിരുന്നുള്ള ഫോൺ സ്ക്രോളിംഗ് മൂലക്കുരു സാധ്യത കൂട്ടും. ചൊറിച്ചിൽ, മലദ്വാരത്തിന് ചുറ്റും വീക്കം, മലവിസർജ്ജനത്തിന് ശേഷം രക്തം വരൽ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ചില രോഗികളിൽ വ്രണവും കാണപ്പെടാറുണ്ട്. മിക്കവർക്കും മൂലക്കുരു എന്ന് പറയുന്നത് തന്നെ നാണക്കേടാണ്. അതുകൊണ്ടു തന്നെ മിക്കപ്പോഴും ലക്ഷണങ്ങൾ ഗുരുതരമാകുമ്പോൾ മാത്രമാണ് ഡോക്ടറെ സമീപിക്കുകയുള്ളൂ. രക്തസ്രാവം, മലം നിറം മാറുന്നത് എന്നീ ലക്ഷണങ്ങൾ കണ്ടാൽ തന്നെ ചികിത്സ തേടേണ്ടതാണ്.
മൂലക്കുരുവിനുള്ള സാധ്യത എങ്ങനെ കുറയ്ക്കാം
ഫോൺ കൊണ്ടുപോകാതിരിക്കുക തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൂടാതെ, ടോയ്‌ലറ്റിൽ പോകുമ്പോൾ കാല് പൊക്കി വെക്കാൻ ഒരു ചെറിയ പീഠം ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത് കൂടാതെ ഭക്ഷണക്രമത്തിലും കാര്യമായി ശ്രദ്ധിക്കണം. നാരുകളടങ്ങിയ ഭക്ഷണം കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുകയും വേണം. ഇത് മലബന്ധം കുറയ്ക്കുകയും മലവിസർജ്ജനം എളുപ്പമാക്കുകയും ചെയ്യുന്നു. സ്ഥിരമായി സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധം കൂടുതൽ വഷളാക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുകയും ചെയ്യണം. എല്ലാദിവസവും കുറച്ച് നേരമെങ്കിലും വ്യായാമം ചെയ്യുക.
മൂലക്കുരു എങ്ങനെ ചികിത്സിക്കാംവളരെ എളുപ്പത്തിലും ലളിതമായും മൂലക്കുരു ചികിത്സിക്കാവുന്നതാണ്. ചെറിയ കേസുകളാണെങ്കിൽ ക്രീമുകളും മറ്റും ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്. വേദന കുറയ്ക്കുന്നതിന് വേദനസംഹാരികൾ ഉപയോഗിക്കാം. ഗുരുതരമായി മാറിയിട്ടുണ്ടെങ്കിൽ മിക്കപ്പോഴും ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യേണ്ടതായി വരും. എന്നിരുന്നാലും ഭക്ഷണത്തിലും വ്യായാമത്തിലും കുറച്ച് ശ്രദ്ധിക്കുകയും ജീവിതശൈലി നല്ല രീതിയിലേക്ക് മാറ്റുകയും ചെയ്താൽ മൂലക്കുരുവിൽ നിന്ന് ആജീവനാന്തം രക്ഷ നേടാം.

