ചിലരുടെ ചര്‍മ്മം സ്വാഭാവികമായി തന്നെ ഡ്രൈ ആയിരിക്കും. എന്നാല്‍ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചര്‍മ്മത്തിന്‍റെ സ്വഭാവം മാറിവരുന്നതാണ് മിക്കവരും നേരിടുന്നൊരു പ്രശ്നം. ഇത്തരത്തില്‍ തണുപ്പുകാലമാകുമ്പോള്‍ ഉണ്ടാകുന്നൊരു സ്കിൻ പ്രശ്നമാണ് ഡ്രൈ സ്കിൻ. ചര്‍മ്മം വല്ലാതെ വരണ്ടുപോവുക, അത് ചെറുതായി വിണ്ടുവരിക, പാളികളായി അടര്‍ന്നുപോരുക എന്നിങ്ങനെയെല്ലം ഡ്രൈ സ്കിൻ ഉണ്ടാകാം.

ചിലരിലാണെങ്കില്‍ ഡ്രൈ സ്കിന്നിനൊപ്പം ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. വളരെയധികം പ്രയാസമുണ്ടാക്കുന്നൊരു അവസ്ഥ തന്നെയാണിത്. എങ്ങനെയാണിതിനെ പരിഹരിക്കുക? നമുക്ക് വീട്ടില്‍ തന്നെ ലളിതമായി ചെയ്യാവുന്ന ചില പരിഹാരങ്ങളെ കുറിച്ച് അറിയാം…

വെളിച്ചെണ്ണ

വെളിച്ചെണ്ണയെ ഒരു ‘നാച്വറല്‍ മോയിസ്ചറൈസര്‍’ ആയി നമുക്ക് കണക്കാക്കാം. ഇത് ചര്‍മ്മത്തില്‍ നല്ലതുപോല തേച്ച് പിടിപ്പിക്കാം. ഡ്രൈ സ്കിന്നും ചൊറിച്ചിലുമെല്ലാം മാറാനോ ആശ്വാസം കിട്ടാനോ ഇത് സഹായിക്കും.

കറ്റാര്‍വാഴ

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറ്റാര്‍വാഴ. ഇതിന്‍റെ ജെല്‍ ചൊറിച്ചില്‍ അകറ്റാൻ ഏറെ സഹായകമാണ്. ഈ ജെല്‍ ദേഹത്ത് തേച്ച് പിടിപ്പിക്കുകയാണ് വേണ്ടത്. അതുപോലെ തന്നെ ചര്‍മ്മം ഡ്രൈ ആകുന്നത് തടയാനും നിറവ്യത്യാസം തടയാനും പല അണുബാധകളെ പ്രതിരോധിക്കാനുമെല്ലാം കറ്റാര്‍വാഴ സഹായിക്കുന്നു.

മഞ്ഞള്‍…

ചര്‍മ്മത്തിലേതടക്കം പലവിധ അണുബാധകളെ ചെറുക്കുന്നതിന് മഞ്ഞള്‍ ഏറെ സഹായകമാണ്. എന്നാല്‍ കലര്‍പ്പില്ലാത്ത മഞ്ഞള്‍ വേണം ഇതിന് ഉപയോഗിക്കാൻ.

സൂര്യകാന്തി എണ്ണ

ചര്‍മ്മത്തിന്‍റെ ഏറ്റവും പുറമേയുള്ള പാളിയെ സംരക്ഷിക്കുന്നതിന് വളരെ സഹായകമാണ് സൂര്യകാന്തി എണ്ണ. സ്കിൻ മോയിസ്ചറൈസ് ആകാനും ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മ രോഗാണുക്കളില്‍ നിന്നുള്ള അണുബാധകളെ ചെറുക്കാനുമെല്ലാം ഇത് സഹായിക്കുന്നു. ഇതുവഴി ചൊറിച്ചിലിനും ആശ്വാസം ലഭിക്കാം.

ചെയ്യേണ്ട മറ്റ് കാര്യങ്ങള്‍…

സ്കിൻ അത്രകണ്ട് ഡ്രൈ ആകുന്നത് പതിവാണെങ്കില്‍ ഭക്ഷണത്തില്‍ അടക്കം ജീവിതരീതികള്‍ എല്ലാം ശ്രദ്ധിക്കണം. പോഷകങ്ങളെല്ലാം ലഭ്യമാകുംവിധത്തില്‍ ബാലൻസ്ഡ് ആയ ഡയറ്റ് ഉറപ്പിക്കുക. പഴങ്ങളും പച്ചക്കറികളുമെല്ലാം നല്ലതുപോലെ കഴിക്കുക, വ്യായാമമോ യോഗ- മെഡിറ്റേഷനോ പതിവാക്കുക, നല്ലതുപോലെ വെള്ളം കുടിക്കുക, കഴിവതും കോട്ടണിന്‍റെ അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *