കാൻസർ മൂർച്ഛിച്ച് യുവതി മരിക്കാനിടയായതിനുപിന്നിൽ അക്യുപങ്ചർ ചികിത്സയാണെന്നാരോപിച്ച് ചികിത്സകർക്കുനേരേ പരാതിയുമായി കുടുംബം. കഴിഞ്ഞദിവസമാണ് കുറ്റ്യാടി അടുക്കത്ത് വാഴയിൽ ഹാജറ കാൻസർ മൂർച്ഛിച്ച് മരിച്ചത്.

ശരീരവേദനയെത്തുടർന്ന് ഇവർ നേരത്തേ കുറ്റ്യാടിയിലെ അക്യുപങ്ചർ കേന്ദ്രത്തിൽ ചികിത്സതേടിയിരുന്നു. സ്തനാർബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും രോഗിയെ അറിയിക്കാതെ കുറ്റ്യാടിയിലെ വനിത അക്യുപങ്ചറിസ്റ്റ് ചികിത്സ തുടരുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

ശരീരത്തിൽ പഴുപ്പ് പൊട്ടിയൊലിച്ചപ്പോഴും രോഗം സുഖപ്പെടുകയാണെന്ന് വിശ്വസിപ്പിച്ചു. പിന്നീട് ഇവരെ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മറ്റൊരു അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിലേക്ക് വിടുകയായിരുന്നു. പച്ചവെള്ളവും നാല് അത്തിപ്പഴവുമായിരുന്നു ഇവർ നിർദേശിച്ച ഭക്ഷണം. മറ്റൊന്നും കഴിക്കരുതെന്നും പറഞ്ഞു. ഒടുവിൽ ആറുമാസംമുൻപാണ് കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും രോഗം നാലാംഘട്ടം കടന്നിരുന്നു. തുടർന്ന് കോഴിക്കോട്ടും ബെംഗളൂരുവിലുമായി സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

ചികിത്സയുമായി ബന്ധപ്പട്ട് ബന്ധുക്കൾ നേരത്തേ പോലീസിൽ പരാതി നൽകിയിരുന്നു. ചികിത്സയ്ക്ക് ലൈസൻസുണ്ടെന്ന് അക്യുപങ്ചറിസ്റ്റുകൾ പറഞ്ഞതിനെത്തുടർന്ന് പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. ഇവർക്ക് ലൈസൻസില്ലെന്നും മൂന്നുമുതൽ ആറുവർഷംവരെ കാലാവധിയുള്ള കോഴ്സ് പൂർത്തിയാക്കിയവർക്കുമാത്രമേ ചികിത്സിക്കാൻ അർഹതയുള്ളൂവെന്ന നിയമം മറച്ചുവെക്കുകയായിരുന്നെന്നും പരാതിക്കാരനും പൊതുപ്രവർത്തകനുമായ എൻ.പി. സക്കീർ പറഞ്ഞു.

യുവതിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഷാഫി പറമ്പിൽ എംപിക്കും കുടുംബം നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *