അയർലൻഡിൽ മലയാളി പെൺകുട്ടിക്ക് നേരെ വംശീയ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ആറ് വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെയാണ് തദ്ദേശീയരായ കുട്ടികൾ ആക്രമണം നടത്തിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമത്തിനിരയായ കുട്ടി മലയാളിയാണെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. കോട്ടയം സ്വദേശിയായ നിയ നവീനാണ് ആക്രമണത്തിനിരയായത്.

തെക്കുകിഴക്കൻ അയർലണ്ടിലെ വാട്ടർഫോർഡ് സിറ്റിയിലെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ, 12 മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ഒരു സംഘം ആക്രമിച്ചു, കുട്ടിയെ വൃത്തികെട്ടവളെന്ന് വിളിക്കുകയും ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മർദ്ദനമേറ്റു. ആഗസ്റ്റ് 4 തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ആക്രമണകാരികളിൽ എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയും 12 നും 14 നും ഇടയിൽ പ്രായമുള്ള നിരവധി ആൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അമ്മ അനുപമ അച്യുതാനന്ദൻ പറഞ്ഞു.

ഐറിഷ് മിററിനോടാണ് അനുപമ വംശീയ ആക്രമണം വെളിപ്പെടുത്തിയത്. മുതിർന്ന ആൺകുട്ടികൾ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സൈക്കിൾ കൊണ്ട് ഇടിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്തു. കഴുത്തിൽ ഇടിച്ചതായും മുടി വളച്ചൊടിച്ചതായും പെൺകുട്ടി പറഞ്ഞതായി അവർ പറഞ്ഞു. എട്ട് വർഷമായി അയർലണ്ടിൽ താമസിക്കുകയും അടുത്തിടെ ഐറിഷ് പൗരത്വം നേടുകയും ചെയ്തെന്ന് നഴ്‌സായ അനുപമ പറഞ്ഞു.

സ്വന്തം വീടിന് മുന്നിൽ പോലും ഞങ്ങൾക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്നും അവർ പറഞ്ഞു. ആക്രമണത്തെക്കുറിച്ച് ഐറിഷ് പൊലീസിനെ അറിയിച്ചെങ്കിലും ആൺകുട്ടികൾക്ക് ശിക്ഷ ലഭിക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അവർക്ക് കൗൺസിലിംഗും മാർഗനിർദേശവും നൽകണമെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *