സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ സ്ഥാപിച്ച മുലപ്പാൽ ബാങ്കുകൾ വൻ വിജയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളേജ്, തൃശൂർ മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സർക്കാരിന്റെ കാലത്ത് മുലപ്പാൽ ബാങ്ക് സ്ഥാപിച്ചത്.തിരുവനന്തപുരം എസ് എ.ടി.ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും മുലപ്പാൽ ബാങ്കുകൾ സജ്ജമായി വരുന്നു.

3 മുലപ്പാൽ ബാങ്കുകളിൽ നിന്നായി ഇതുവരെ 17,307 കുഞ്ഞുങ്ങൾക്കാണ് മുലപ്പാൽ നൽകിയത്. 4673 അമ്മമാരാണ് മുലപ്പാൽ ദാനം ചെയ്‌തത്‌. കോഴിക്കോട് മെഡിക്കൽ കോളേജിൽ 11,441 കുഞ്ഞുങ്ങൾക്കും തൃശൂർ മെഡിക്കൽ കോളേജിൽ 4870 കുഞ്ഞുങ്ങൾക്കും എറണാകുളം ജനറൽ ആശുപത്രിയിൽ 996 കുഞ്ഞുങ്ങൾക്കുമാണ് മുലപ്പാൽ നൽകിയത്. ഈ പദ്ധതി വിജയകരമായതിനെ തുടർന്ന് കൂടുതൽ ആശുപത്രികളിൽ മുലപ്പാൽ ബാങ്ക് സജ്ജമാക്കും. കൂടുതൽ ആശുപത്രികളിൽ മിൽക്ക് ബാങ്ക് യാഥാർത്ഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങൾക്ക് പ്രയോജനകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആഗസ്റ്റ് 1 മുതൽ ആഗസ്റ്റ് 7 വരെ മുലയൂട്ടൽവാരാചരണം നടക്കുകയാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാൽ. ആദ്യ ഒരു മണിക്കൂറിൽ നവജാതശിശുവിന് മുലപ്പാൽ നൽകേണ്ടതും ആദ്യ ആറ് മാസം മുലപ്പാൽ മാത്രം നൽകേണ്ടതും ഏറെ അത്യാവശ്യമാണ്. എന്നാൽ അമ്മമാരുടെ പകർച്ചവ്യാധികൾ, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾ, വെൻ്റിലേറ്ററിലുള്ള അമ്മമാർ തുടങ്ങി വിവിധ കാരണങ്ങളാൽ അമ്മയ് കുഞ്ഞിനെ മുലയൂട്ടാൻ സാധിക്കാറില്ല. അത്തരത്തിലുള്ള കുട്ടികൾക്ക് കൂടി മുലപ്പാൽ ഉറപ്പാക്കാനാണ് മിൽക്ക് ബാങ്ക് സജ്ജമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *