ഇടുക്കി: ഇടുക്കി വെണ്മണിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു.തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരനാണ് (65) മരിച്ചത്. സംഭവത്തിൽ പ്രതി അലക്സിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് അറിയാൻ സാധിക്കുന്നത്. അലക്സ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇതിനെ തുടർന്ന് അലക്സിന്റെ ഭാര്യ വെൺമണിയിലുള്ള സ്വന്തം വീട്ടിലാണ് താമസിച്ചിരുന്ന്. ഈസ്റ്ററായതിനാൽ തെക്കൻതോണിയിലെ ശ്രീധരന്റെ ഭാര്യാ സഹോദരന്റെ വീട്ടിൽ കുടുംബക്കാരെല്ലാം ഒത്തുകൂടിയിരുന്നു.
ഇവിടേക്കെത്തിയ അലക്സ് ബന്ധുക്കളുമായി വാക്കേറ്റമുണ്ടാക്കുകയും ഇതിനിടെ കയ്യിൽ കരുതിയ കത്തിയെടുത്ത് ശ്രീധരനെ കുത്തുകയുമായിരുന്നു.ശ്രീധരനെ ഉടൻ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
