മരണം ഭയാനകമാണ്, പക്ഷേ അതൊരു പുതിയ സാഹസികതയായി ഞാൻ കരുതുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു.നിങ്ങൾ ഇത് കാണുമ്പോഴേക്കും, ഞാൻ മരിച്ചിട്ടുണ്ടാകും’ യുഎസിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ടാനർ തന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളിൽ പറഞ്ഞ പറഞ്ഞ വാക്കുകളാണിത്. ക്യാൻസർ ബാധിതനായ ടാനർ മാർട്ടിൻ രോഗത്തിനെതിരെ നടത്തിയ പോരാട്ടത്തിലൂടെയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായത്. മരണം ഉറപ്പായതോടെ, തനിക്ക് പ്രിയപ്പെട്ടവർക്കായി ടാനർ റെക്കോർഡ് ചെയ്തുവെച്ച അവസാന വിഡിയോ അദ്ദേഹത്തിന്റെ ഭാര്യ ഷേ റൈറ്റാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
വളരെ സന്തോഷത്തോടെ ചിരിച്ച മുഖത്തോടെയാണ് ടാനർ മാർട്ടിൻ വീഡിയോ ആരംഭിക്കുന്നത്. ‘എന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ വളരെ രസകരവും ആസ്വാദ്യവുമാക്കാൻ സഹായിച്ചതിനും എനിക്ക് പിന്തുണ നൽകിയതിനും നിങ്ങൾക്ക് നന്ദി’ എന്ന പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നതായി വിഡിയോയിൽ കാണാം. എന്നാൽ കരച്ചിൽ ഒരു ചിരിയിലൊതുക്കാൻ അയാൾ ശ്രമിക്കുന്നുണ്ട്. തന്റെ മരണപ്പെട്ട ബന്ധുക്കളുടെ പേരുകൾ ഓരോന്ന് എടുത്തു പറഞ്ഞ ടാനർ മാർട്ടിൻ അവർക്കൊപ്പം ഇനി മറ്റൊരു ജീവിതം ജീവിക്കാൻ ആകുമെന്നുള്ള പ്രതീക്ഷയും പങ്കു വയ്ക്കുന്നുണ്ട്. തന്റെ മരണശേഷം ഭാര്യക്ക് സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടേണ്ടി വരും അത് കൊണ്ട് അവരെ സഹായിക്കണമെന്നും അയാൾ വിഡിയോയിൽ പറയുന്നുണ്ട്.
ഒരു കോൾ സെന്റർ ജീവനക്കാരനായിരിക്കെയാണ് ടാനറിന് അഞ്ച് വർഷം മുൻപ് കോളൻ കാൻസർ സ്ഥിരീകരിക്കുന്നത്. രോഗനിർണ്ണയം മുതൽ ചികിത്സാഘട്ടങ്ങൾ വരെ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനും ആശ്വാസം പകരാനും ലക്ഷകണക്കിന് ആളുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ടാനറിനെ പിന്തുടരുന്നത്.
2018 ൽ ടാനർ തന്റെ ബാല്യകാല സുഹൃത്തായ ഷേ റൈറ്റിനെ വിവാഹം കഴിച്ചു. ക്യാൻസർ ചികിത്സ തുടരുന്നതിനിടെ ഐവിഎഫ് ചികിത്സയിലൂടെ ടാനർ അച്ഛനായി. ഇക്കഴിഞ്ഞ മേയ് 25-നാണ് ടാനറിനും ഷേയ്ക്കും ആമിലൂ എന്ന പെൺകുഞ്ഞ് ജനിച്ചത്. മകളുടെ വിശേഷങ്ങളും ടാനർ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വെച്ചിരുന്നു. മരിക്കുമ്പോൾ ടാനറിന്റെ പ്രായം 30 വയസ് മാത്രമായിരുന്നു. ടാനറിന്റെ വിഡിയോയുടെ കമന്റ് ബോക്സിൽ നിരവധിപ്പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.