ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ടി എസ് പ്രദീപ് കുമാറിനെ സ്കൂൾ മാനേജറാണ് സസ്‌പെന്റ് ചെയ്തത്. പ്രതി ചടങ്ങിൽ എത്തിയതിൽ ഹെഡ്മാസ്റ്റർക്ക് വീഴ്ചയുണ്ടായെന്ന് ഡിഡിഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം പടിഞ്ഞാറെക്കോട്ട ഗവൺമെന്റ് ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്സോ കേസ് പ്രതിയും വ്ലോഗറുമായ മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്തത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മുകേഷ് മെമന്റോ സമ്മാനിച്ച് പ്രസംഗിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കൊപ്പം നിന്ന് സെല്‍ഫിയുമെടുത്തായിരുന്നു മുകേഷിന്‍റെ മടക്കം. മുൻ അസിസ്റ്റന്‍റ് കമീഷണർ ഒ എ സുനിലും മുകേഷിനൊപ്പം വേദി പങ്കിട്ടിരുന്നു. മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു. അടിയന്തര റിപ്പോർട്ട് നല്‍കാന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് മന്തി, നിർദേശം നൽകി.

സംഭവത്തില്‍ ഹെഡ്മാസ്റ്റർക്ക് വീഴ്ച പറ്റിയെന്നാണ് ഡിഡിഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ജെസി ഐ എന്ന സന്നദ്ധ സംഘനയാണ് മുകേഷിനെ കൊണ്ടുവന്നതെന്നും ചടങ്ങിനെത്തിയ ഇയാളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് ഹെഡ്മാസ്റ്ററുടെ വിശദീകരണം. പോക്സോ കേസില്‍ പ്രതികളായ അധ്യാപകര്‍ക്കെതിരെ കടുത്ത നടപടി വേണം എന്നാവശ്യപ്പെട്ട് എല്ലാ സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ച ദിവസമാണ് പ്രവേശനോത്സവത്തില്‍ പോക്സോ പ്രതി മുഖ്യാതിഥിയായത്. അതേസമയം പോക്സോ കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതി മുകേഷ് എം നായരുടെ വാദം.