സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യമാകെ കനത്ത ജാ​ഗ്രത നിർദേശം നൽകിയിരിക്കുകയാണ്. ഒഡീഷയിലെ തീര മേഖലകളിൽ സുരക്ഷാ വിന്യാസം ശക്തമാക്കി. പട്രോളിം​ഗ് കൂട്ടുകയും ഡ്രോൺ നിരീക്ഷണം തുടങ്ങുകയും ചെയ്തെന്ന് അഡീഷണൽ ഡിജിപി അറിയിച്ചു. ബിഹാറിലെ നളന്ദയിൽ അടക്കം പുറത്തുനിന്നും വരുന്നവരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം ഹോട്ടലുകളിൽ താമസ സൗകര്യം നൽകാവൂ എന്ന് നിർദേശമുണ്ട്. രാജസ്ഥാനിലെ അതിർത്തി ജില്ലകളിൽ കനത്ത ജാ​ഗ്രത, ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം.

രാജസ്ഥാനിലേക്കുള്ള പല ട്രെയിനുകളും റദ്ദാക്കിയെന്ന് പടിഞ്ഞാറൻ മേഖലാ റെയിൽവേ അറിയിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് നടപടി. പഞ്ചാബ് അതിർത്തി മേഖലയിലേക്കുള്ള ട്രെയിനുകൾ ബ്ലാക്കൗട്ട് പരി​ഗണിച്ച് നിർത്തിവയ്ക്കും. ​ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര ട്രെയിനുകളെയും സംഘർഷം ബാധിച്ചിട്ടുണ്ടെന്നും റെയിൽവേ വ്യക്തമാക്കി.

അതിർത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി 51.41 കോടിയുടെ ആൻ്റി ഡ്രോൺ സിസ്റ്റം വാങ്ങാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 9 ആന്റിഡ്രോൺ സിസ്റ്റം വാങ്ങാനാണ് തീരുമാനിച്ചത്. ഗുജറാത്തിലെ പാക്ക് അതിർത്തിയോട് ചേർന്നുള്ള മുഴുവൻ സൈനിക കേന്ദ്രങ്ങൾക്കും അതീവ സുരക്ഷ ഏർപ്പെടുത്തി. ഇത്തരം കേന്ദ്രങ്ങൾക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വാഹനങ്ങളും നീക്കി. പൊതുജനങ്ങൾ അതുവഴി യാത്ര ചെയ്യരുത് എന്ന് പ്രത്യേക നിർദ്ദേശവും നൽകി.

പഞ്ചാബിലെ മൊഹാലിയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം കൂടരുത്, കൂട്ടത്തോടെ പുറത്തിറങ്ങരുത്, വലിയ കെട്ടിടങ്ങളിൽ കഴിയുന്നവർ ശ്രദ്ധിക്കണം, സൈറണുകൾ കേട്ടാൽ ജാഗരൂകരാകണം. രക്ഷാ പ്രവർത്തകരും ജില്ലാ ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ അനുസരിക്കണം. മാളുകൾ സന്ദർശിക്കുന്നത് ഒഴിവാക്കുക, പരിഭ്രാന്തരാകരുത് എന്നീ നിർദേശങ്ങളാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. പരിഭ്രാന്തരാകരുത്, സുരക്ഷ ഉറപ്പാക്കാൻ നൽകുന്ന നിർദേശമാണ് ഇതെന്ന് മൊഹാലി ജില്ലാ കളക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *