ഇന്ത്യൻ നടി അവനീത് കൗറിന്റെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. ഇൻസ്റ്റാഗ്രാം ഫീഡിൽനിന്ന് ഒഴിവാക്കലുകൾ നടത്തുമ്പോൾ അൽഗോരിതം തെറ്റായ ഇടപെടൽ നടത്തിയതാണെന്നായിരുന്നു കോലിയുടെ വിശദീകരണം.
ഏപ്രിൽ 30-നാണ് നടി അവനീത് കൗർ ഇൻസ്റ്റാഗ്രാമിൽ ഏതാനും ചിത്രങ്ങൾ പങ്കുവെച്ചത്. പ്രിന്റഡ് റാപ്പ് സ്കർട്ടും പച്ച ക്രോപ്പ് ടോപ്പും ധരിച്ച ചിത്രങ്ങളായിരുന്നു ഇത്. എന്നാൽ, ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത് വിരാട് കോലി ചിത്രങ്ങൾ ലൈക്ക് ചെയ്തത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു.
പെട്ടെന്നുതന്നെ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പിന്നീട് ചിത്രങ്ങൾ അൺലൈക്ക് ചെയ്യപ്പെടുകയും ചെയ്തു. ഇത് വലിയ തോതിൽ ചർച്ചയായതിനു പിന്നാലെയാണ് ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കോലി ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.
‘എന്റെ ഫീഡ് ക്ലിയർ ചെയ്യുമ്പോൾ, അൽഗോരിതം തെറ്റായി ഒരു ഇടപെടൽ രജിസ്റ്റർ ചെയ്തിരിക്കാമെന്ന് ഞാൻ വ്യക്തമാക്കട്ടെ. അതിന് പിന്നിൽ ഒരു ഉദ്ദേശ്യവുമില്ലായിരുന്നു. അനാവശ്യമായ അനുമാനങ്ങൾ ഉണ്ടാക്കരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു’, കോലി കുറിച്ചു.