കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെത്തി. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ പങ്കെടുക്കും.

വ്യാഴാഴ്ച വൈകീട്ട് 7-50 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നേരേ രാജ്ഭവനിലേക്ക് തിരിച്ചു. വെള്ളിയാഴ്ച രാവിലെ 9.30-ന് രാജ്ഭവനില്‍നിന്ന് പാങ്ങോട് സൈനികകേന്ദ്രത്തിലേക്കും അവിടെനിന്ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തുമെത്തും.

10.30-ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. തിരികെ ഹെലികോപ്റ്ററില്‍ പാങ്ങോട് എത്തി രാജ്ഭവനിലേക്ക് പോകും. 12.30-ന് ഹൈദരാബാദിലേക്കുപോകും.

Leave a Reply

Your email address will not be published. Required fields are marked *

You missed