വളരെ അപ്രതീക്ഷിതമായൊരു അപകടത്തിലാണ് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ജീവൻ നഷ്ടമായത്. അതിനുശേഷം കൊല്ലം സുധിയുടെ കുടുംബത്തെ സഹായിക്കാൻ സന്നദ്ധ സംഘടനകൾ മുന്നോട്ടുവന്നിരുന്നു. സുധിയുടെ ഭാര്യ രേണുവിനും മക്കളായ രാഹുൽ ദാസിനും റിതുൽ ദാസിനും താമസിക്കാൻ കോട്ടയത്ത് പുതിയ വീടൊരുക്കുകയും ചെയ്തു.
സുധിയുടെ ആദ്യവിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന പേരിൽ അറിയപ്പെടുന്ന രാഹുൽ. കൊല്ലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നതിനാൽ അവിടെയുള്ള അച്ഛന്റെ വീട്ടിലാണ് രാഹുൽ താമസിക്കുന്നത്. കോട്ടയത്തുള്ള വീട്ടിൽ രേണുവും മകൻ റിതുലുമാണ് താമസിക്കുന്നത്.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ രാഹുൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമായി. പുതിയ യുട്യൂബ് ചാനൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ പോസ്റ്റ്. അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയർച്ചയും താഴ്ച്ചയും നിങ്ങളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും നിങ്ങൾ അറിയണമെന്ന് തനിക്ക് തോന്നുന്നുവെന്നും രാഹുൽ കുറിച്ചു. ഇതിനൊപ്പം അച്ഛനൊപ്പമുള്ള ചിത്രവും രാഹുൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘പ്രിയപ്പെട്ടവരെ, ഞാൻ രാഹുൽ ദാസ്, ഒരുപാട് പേർക്ക് എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടേ. മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ….എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ….???’-രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇതിന് താഴെ ഒട്ടേറെ പേരാണ് രാഹുലിന് ആശംസയുമായെത്തിയത്. യുട്യൂബ് ചാനൽ തുടങ്ങിയാലും ജീവിതം സോഷ്യൽ മീഡിയയിൽ മാത്രമാകരുതെന്നും പഠിച്ച് മികച്ച ജോലി സമ്പാദിക്കണമെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.