റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ വനിതാ സിപിഒ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധിച്ചു. അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉദ്യോഗാർത്ഥികൾക്കുള്ളത്.

പൊലീസാകാന്‍ കൊതിച്ച്, പരീക്ഷകളെല്ലാം പാസായവരാണ് കഴിഞ്ഞ പതിനാറ് ദിവസമായി രാപ്പകൽ വ്യത്യാസമില്ലാതെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ സ്വയം വേദനിപ്പിച്ച് പ്രതിഷേധിക്കുന്നത്. സര്‍ക്കാരിന്‍റെ കനിവിനായി സമരമാര്‍ഗങ്ങള്‍ പലതും പരീക്ഷിച്ചിട്ടും ഒടുവിൽ ലഭിച്ചത് അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ്. എങ്കിലും പിൻമാറാൻ ഒരുക്കമല്ല ഇവർ.

ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലും ആവശ്യം പരിഗണിക്കാത്തതോടെ പ്രതീക്ഷ അവസാനിച്ച അവസ്ഥയാണ് ഉദ്യോഗാർത്ഥികൾക്ക്. ഈ മാസം ഒന്നിനാണ് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങിയത്. പലതരം സമരമുറകൾ മാറ്റി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 967 പേരുടെ ലിസ്റ്റിൽ 292 പേർക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. നിലവിൽ 570 ഒഴിവുകൾ സേനയിലുണ്ട്. ശനിയാഴ്ചയാണ് റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കുന്നത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed