ലഹരി ഉപയോഗിച്ച നടനില്‍ നിന്നും സിനിമാ സെറ്റില്‍ വെച്ച് മോശം അനുഭവം ഉണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും പങ്കുവെച്ചിരുന്നു. ഷൈന്‍ ടോം ചാക്കോയില്‍ നിന്നാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്ന് വിന്‍സി പരാതി നല്‍കിയതോടെയാണ് നേരത്തെ നടൻ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

‘ലഹരി ഉപയോഗിച്ച പ്രധാന നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായി. അയാള്‍ സെറ്റിലിരുന്ന വെള്ളപൊടി തുപ്പി. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല’, എന്നായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍. ഈ വാര്‍ത്തയാണ് ഷൈന്‍ പങ്കുവെച്ചത്. നേരത്തെ വിന്‍സി നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

പിന്നീട് നടന്റെ പേരുള്‍പ്പെടെ പരാമര്‍ശിച്ച് ഫിലിം ചേംബറിന് പരാതി നല്‍കുകയായിരുന്നു. ‘സൂത്രവാക്യം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷൈന്‍ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *